ms-ravi

സൗഹൃദത്തിന്റെ സൗരഭ്യ നിറകുടം അനന്തതയിലേയ്ക്ക് മറഞ്ഞിട്ട് ഒരു വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. അപ്രതീക്ഷിതമായി ഇന്നലെ കേട്ട കൊടും ദുഃഖവാർത്തപോലെ അനുഭവപ്പെടുന്നു.

എത്രയെത്ര ദീപ്തമായ ഓർമ്മകൾ! കലാലയ ജീവിതാരംഭം മുതൽ അമ്പത് വർഷത്തിലേറെ - അതായത് ഒരിക്കലും തിരിയെ വരാൻ കഴിയാത്ത മറ്റൊരു ലോകത്തേയ്ക്ക് രവി യാത്രയാകുന്നതിന് രണ്ടുമണിക്കൂർ മുമ്പു വരെയുള്ള കനകശോഭയുള്ള സജീവമായ ആത്മബന്ധം. ഉത്തമവും, ഊഷ്മളവുമായ ആനന്ദകരമായ അനുഭവങ്ങൾ! ചിലപ്പോഴൊക്കെ രവിയുമായി പങ്കിട്ട് ഊറിയൂറി ചിരിക്കുവാനിടയാക്കിയിട്ടുള്ള നിരവധി കോളേജങ്കണ കുസൃതി തമാശകൾ നൊമ്പര ചിന്തകളായി അലട്ടാറുണ്ട്.

രവിയുടെ ജീവിതരീതിക്ക് പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു. സദാ പ്രസന്നവും, പവിത്രവും, നിർമ്മലവുമായ ജീവിതശൈലി. അഹന്തയെന്ന ഭാവവും അസൂയയെന്ന ദുർവികാരവും രവിക്ക് അറിഞ്ഞുകൂടായിരുന്നു. അതോ ഇവയുടെ ദോഷഫലം മനസിലാക്കിയിട്ട്, അത് തന്റെ ചിന്തയ്ക്കും, മനസിനും, ആത്മാവിനും, ജീവിതരീതികൾക്കും ചേർന്നതല്ല എന്ന വിശാലവും ഉദാത്തവുമായ ചിന്തകൊണ്ടോ ആയിരിക്കാം. ഒരു വസ്തുത നിസംശയം പറയാം. രവിയുടെ ജീവിതം ഋജുവും, ലളിതവും, കളങ്കരഹിതവുമായിരുന്നു. അതുകൊണ്ടുതന്നെ രവിയുടെ മനസ് ഒരിക്കലും സന്താപത്തിന്റെ അലകളിൽ തട്ടിയിട്ടില്ല. സന്തോഷത്തോടെ, സൗഹാർദ്ദത്തോടെ, മൈത്രീഭാവത്തോടെ രവി ഏത് സദസിലും വശ്യസുന്ദരമായി ശോഭിച്ചിരുന്നു.

യഥാർത്ഥ മിത്രങ്ങൾ ഇന്ന് അസുലഭമാണ്. മിത്രമെന്ന് കരുതുന്നവരുടെ കപടസൗഹൃദം നിത്യവേദനയായി അവശേഷിപ്പിക്കുന്ന കാലം. എന്നാൽ ഒരു വ്യക്തിയുടെ ജീവിതം സഫലമാകണമെങ്കിൽ നല്ല സ്നേഹിതരെ സമ്പാദിക്കണം. ധനവും വിദ്യയും അഭികാമ്യമായ ജോലിയും കുടുംബവും തുടങ്ങി മറ്റെല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും വിശ്വസിക്കാവുന്ന മൈത്രീബന്ധം പോലെ ആനന്ദവും ആഹ്ളാദവും നൽകുന്ന മറ്റൊരു വികാരമില്ല. നല്ല സ്നേഹിതനാകുക, നല്ല സ്നേഹിതരെ സമ്പാദിക്കുക ഇവ രണ്ടും മേന്മയേറിയ കർമ്മങ്ങളാണ്. ഇവിടെയാണ് രവിയുടെ സ്വഭാവം വിസ്മയജനകമാകുന്നത്. രവി പരത്തിയ നിത്യശോഭയുള്ള സൗഹൃദ നിലാവ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് നിതാന്തവും ഹൃദ്യവും അഭൗമവുമായ ആത്മസംതൃപ്തി നൽകിയിട്ടുണ്ട്. അക്കാരണത്താൽ തന്നെ രവി കല്പാന്ത കാലത്തോളം ഓർമ്മിക്കപ്പെടട്ടെയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആത്മാർത്ഥമായി ആശിക്കുകയും ചെയ്യുന്നു.

കേരളകൗമുദിയെ പോലുള്ള ഒരു മഹാസ്ഥാപനത്തിന്റെ അമരക്കാരനായിരിക്കണമെങ്കിൽ അതിനുള്ള നൈപുണ്യവും പ്രാഗത്ഭ്യവും വൈദഗ്ദ്ധ്യവുമൊക്കെ വേണം. രവിക്ക് ലഭിച്ച നൈസർഗിക ഗുണങ്ങളും അനുഭവത്തഴമ്പിൽ നിന്ന് നേടിയ വിജ്ഞാനവുമാണ് കേരളകൗമുദിയെ സമുന്നത നിലയിലേക്ക് നയിക്കാൻ കൂടുതൽ പ്രാപ്തനാക്കിയത്. അപരാധം ഇല്ലാതെ, ആക്ഷേപ ശരങ്ങൾക്ക് പാത്രീഭൂതനാകാതെ ഒരു മഹാപ്രസ്ഥാനം എല്ലാവരുടേയും സഹായ സഹകരണത്തോടെ സസന്തോഷം നടത്തിക്കൊണ്ട് പോകുക എന്നുള്ളത് ഇക്കാലത്ത് ആയാസകരമാണ്. കേരളകൗമുദി ജീവനക്കാരോടുള്ള സവിശേഷതയാർന്ന പെരുമാറ്റവും, കളങ്കമില്ലാത്ത ആത്മാർത്ഥതയും പ്രസന്നവും സ്നേഹം നിറഞ്ഞതുമായ മനോഭാവവും അവരെയെല്ലാം രവിയുടെ ആരാധകരാക്കി മാറ്റി.

തന്റെ കുടുംബത്തോടുള്ള അഗാധമായ ബന്ധം, സ്നേഹം, ധർമ്മം തുടങ്ങി കളങ്കമില്ലാത്ത ആ മനോഹര ജീവിതരീതി ഒരു മഹാ മാതൃകയായിരുന്നു. മിക്കപ്പോഴും സുഹൃത്തുക്കൾ ചോദിക്കാറുണ്ട് ഭാര്യ ഷൈലജയിൽ നിന്ന് രവി പഠിച്ചതാണോ ഈ നിഷ്‌കളങ്കതയും വശ്യതയാർന്ന സൗഹൃദവും മറ്റ് അനുകരണീയങ്ങളായ ഗുണങ്ങളും, അതോ ഷൈലജ രവിയിൽ നിന്ന് പഠിച്ചതാണോ ഈ ഗുണങ്ങളെന്ന്.

രവിയെ ഓർക്കുമ്പോൾ വിസ്മരിക്കാൻ പാടില്ലാത്തതാണ് സുഹൃത്തുക്കളുമൊത്ത് അദ്ദേഹത്തിന്റെയും ഭാര്യ ഷൈലജയുടെയും വിദേശ സ്വദേശ വിനോദയാത്രകൾ. ഒരു കൊച്ചുകുട്ടിയെപ്പോലെ കാഴ്ചകൾ ആസ്വദിക്കുന്നത് രവിയുടെ എടുത്ത് പറയത്തക്ക പ്രത്യേകതയായിരുന്നു. വാഹനഭ്രമം രവിയുടെ ഒരു ദൗർബല്യമായിരുന്നു. ഒരു ഓട്ടോമൊബൈൽ എൻജിനിയറുടെ പ്രാഗത്ഭ്യവും വൈദഗ്ദ്ധ്യവും രവിക്ക് വാഹനങ്ങളെപ്പറ്റിയുണ്ടായിരുന്നു.

നമ്മുടെ രവിയുടെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. എപ്പോഴും ചെറുപുഞ്ചിരിയുമായിട്ടുള്ള ആകർഷണീയമായ ആ രൂപം സജീവമായി എന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മനസുകളിൽ മായാതെ നിലനില്ക്കും. ബന്ധങ്ങളുടെ ശുദ്ധിയാൽ സുഗന്ധം പരത്തി ഒരു നിലാവെളിച്ചമായിരുന്ന നമ്മുടെ രവി കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിലെന്ന് അദ്ദേഹത്തെ അറിയാവുന്നവരെല്ലാം ആശിച്ചുപോകും. എന്തുചെയ്യാം,