തിരുവനന്തപുരം: എരിപൊരി വെയിലിനെയും വെള്ളിനിലാവാക്കിയാണ് ആറ്രിങ്ങലിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ പരക്കംപാച്ചിൽ. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനാൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന് മണ്ഡലപര്യടനം പൂർത്തിയാക്കാൻ കഴിഞ്ഞു. അതും മൂന്ന് തവണ. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും എൻ.ഡി.എയുടെ ശോഭാ സുരേന്ദ്രനും 'ലേറ്റാ' യെങ്കിലും ഓട്ടത്തിന്റെ വേഗതയിലൂടെ ഈ പോരായ്മ പരിഹരിക്കാൻ ശ്രമിച്ചു.
മണ്ഡലത്തിൽ സമ്പത്തിന്റെ സാന്നിദ്ധ്യമെത്താത്ത ഒരിടവുമില്ല. എങ്കിലും എതിർപക്ഷത്തുള്ള രണ്ട് മുന്നണികളും ഒരേപോലെ കരുത്തരെ ഇറക്കിയത് വലിയ വെല്ലുവിളിയായി. നെടുമങ്ങാട് അസംബ്ളി മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താവുന്ന വ്യക്തികളെ നേരിൽക്കണ്ട് പരിഹാര മാർഗങ്ങൾ തേടാനുള്ള നീക്കമാണ് സമ്പത്ത് പയറ്റുന്നത്. ഒപ്പം നല്ല ആൾക്കൂട്ടമുണ്ട്. ഇന്ന് അരുവിക്കരയിലും നാളെ കാട്ടാക്കടയിലും ഇതേ ശൈലിയിൽ ഒരു ചുറ്റിക്കറങ്ങൽ. പ്രചാരണത്തിന്റെ സമാപന ദിവസമായ 21ന് കാട്ടാക്കട മുതൽ വർക്കല വരെ നീളുന്ന കൂറ്റൻ റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തിരശീല വീഴുന്നത്.
അല്പം താമസിച്ചെങ്കിലും രണ്ടാം ഘട്ടത്തിലെത്തിയപ്പോഴേക്കും കാടിളക്കും വിധമായി അടൂർ പ്രകാശിന്റെ പ്രചാരണം. ഉൾപ്രദേശങ്ങളിൽപോലും ചുവരെഴുത്തും പോസ്റ്ററുകളും സുലഭമായി കാണാനായത് പ്രവർത്തനത്തിന്റെ അടുക്കും ചിട്ടയും വ്യക്തമാക്കുന്നതാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരുവനന്തപുരം സന്ദർശനം കൂടി കഴിഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും കുറേക്കൂടി ഉഷാറിലായി.
ചിറയിൻകീഴ് അസംബ്ളി മണ്ഡലത്തിലെ ചിലഭാഗങ്ങളും വക്കം, വെമ്പായം പ്രദേശങ്ങളുമാണ് ഇന്നലെ അദ്ദേഹം സന്ദർശിച്ചത്. മുദാക്കൽ, വർക്കല, പുളിമാത്ത് പ്രദേശങ്ങളിലെ വിട്ടുപോയ ഭാഗങ്ങൾ ഇന്ന് സന്ദർശിച്ച് സാന്നിദ്ധ്യമറിയിക്കും.
പ്രവർത്തന ദൗർബല്യം തോന്നിയിട്ടുള്ള ഭാഗങ്ങളിൽ അതിനുള്ള പരിഹാര മാർഗവും കണ്ടെത്തിയിട്ടുണ്ട്. 21ന് അത്യുജ്ജ്വലമായി പ്രചാരണം അവസാനിപ്പിക്കാനുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. പക്ഷേ അതിന്റെ സസ്പെൻസ് യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടില്ല.
മണ്ഡല പര്യടന വേളയിൽ സ്ത്രീകളിൽ നിന്ന് കിട്ടിയ സ്വീകരണമാണ് ശോഭാ സുരേന്ദ്രന്റെ ആത്മവിശ്വാസം .എല്ലാ സ്വീകരണ സ്ഥലങ്ങളിലും വീട്ടമ്മമാരും വിദ്യാർത്ഥിനികളും അവർക്ക് ഉപഹാരവുമായാണ് കാത്തുനിന്നത്. ഇതെല്ലാം വോട്ടായി മാറുമെന്നാണ് എൻ.ഡി.എ ക്യാമ്പിലെ വിശ്വാസം. വൈകി തുടങ്ങിയ പ്രചാരണത്തിന് വേഗത്തിൽ ആക്കംകൂട്ടാൻ ശോഭയ്ക്കും സഹപ്രവർത്തകർക്കും കഴിഞ്ഞെങ്കിലും പ്രചാരണത്തിനിടെ ഒന്നു രണ്ട് സ്ഥലങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ ക്രമീകരണങ്ങളെ പ്രതികൂലമായി ബാധിച്ചു. ചിറയിൻകീഴ് അസംബ്ളി മണ്ഡലത്തിൽ ബുധനാഴ്ച നിശ്ചയിച്ചിരുന്ന പര്യടനം മാറ്രിവയ്ക്കേണ്ടി വന്നു.
പള്ളിക്കലിലും മൂതലയിലും തന്റെ വാഹനത്തിന് നേരെ അക്രമം കാട്ടിയവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ഡിവൈ.എസ്.പി ഓഫീസ് മാർച്ചിന് നേതൃത്വം കൊടുക്കാനും സ്ഥാനാർത്ഥിയെത്തി. ഇതേ ആവശ്യമുന്നയിച്ച് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു സമരം നടത്തിയതിനെ തുടർന്ന് നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് കുറച്ചുപേർക്കെതിരെയും കേസെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരത്തെ പ്രചാരണയോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ ഇന്നലെ മണ്ഡലപര്യടനം മുൻനിശ്ചയപ്രകാരം നടത്താനായില്ല. എന്നാൽ ഈ തടസങ്ങളൊന്നും വിജയത്തെ തെല്ലും ബാധിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എൻ.ഡി.എ കേന്ദ്രങ്ങൾ.