പാരീസ്: പ്രായം നാൽപ്പതുകഴിഞ്ഞാൽത്തന്നെ വയസായിപ്പോയി എന്നാണ് പലരുടെയും വിചാരം. പിന്നെ തന്നെക്കൊണ്ട് ഒന്നിനും കഴിയില്ലെന്നും അവർ വിധിയെഴുതും. ഇത്തരക്കാർ കണ്ടുപഠിക്കേണ്ട ഒരാളാണ് ടാവോ പോർച്ചോൺ ലിഞ്ച് എന്ന അമ്മൂമ്മ. കക്ഷിക്കിപ്പോൾ നൂറുവയസായി. കുട്ടികളെ യോഗയും നൃത്തവും പഠിപ്പിക്കുകയാണ് ഇൗ പ്രായത്തിൽ അവരുടെ പ്രധാന ഹോബി. നൃത്തത്തിലും യോഗാഭ്യാസത്തിലും അമ്മൂമ്മയ്ക്കുമുന്നിൽ യുവ കേസരികൾ പോലും തോറ്റുതുന്നം പാടും. ജീവിതം പരമാവധി ആസ്വദിക്കുക എന്നാണ് അമ്മൂമ്മയുടെ നയം. അത് അപ്പടി പാലിക്കുന്നുണ്ട്.
ഇന്ത്യയിലും ഫ്രാൻസിലും പോർച്ചോണിന് വേരുകളുണ്ട്. പോണ്ടിച്ചേരിയിലായിരുന്നു ജനനം. ഇന്ത്യയിൽ വച്ച് വളരെ ചെറുപ്പത്തിൽത്തന്നെ യോഗയെക്കുറിച്ച് മനസിലാക്കുകയും അത് പഠിക്കാനാരംഭിക്കുകയും ചെയ്തു.
കൗമാരകാലമായപ്പോഴേക്കും കിടിലനൊരു യോഗാ ടീച്ചറായി. ഇതിനൊപ്പം നൃത്തവും പഠിച്ചു.
പ്രായം കൂടുന്തോറും പോർച്ചോണിന് യോഗയോടും നൃത്തത്തോടുമുള്ള പ്രണയം കടുത്തു.
'യോഗ ജീവിതത്തിന്റെ സന്തോഷമാണ്. മെയ് വഴക്കം മാത്രമല്ല അത്;ഉള്ളിൽ എന്താണെന്നതിന്റെ ആവിഷ്‌കാരം കൂടിയാണ് യോഗ.ഇപ്പോഴും എപ്പോഴും എനിക്കെന്തെങ്കിലും മാറ്റമുള്ളതായി തോന്നുന്നില്ല. നൂറ് വയസായെങ്കിലും ഒട്ടും പേടിയില്ല. യോഗ ചെയ്യുന്നതും അത് പഠിപ്പിക്കുന്നതും തുടരാൻ തന്നെയാണ് തീരുമാനം'- പോർച്ചോൺ പറയുന്നു.