gg

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗണിൽ എവിടെത്തിരിഞ്ഞാലും മാലിന്യക്കൂമ്പാരങ്ങൾ മാത്രം. വേനൽ മാറി മഴ തുടങ്ങിയാൽ ടൗൺ പ്രദേശമാകെ മാലിന്യജലത്തിൽ മുങ്ങും. അത്രയ്ക്ക് മാലിന്യക്കൂമ്പാരമാണ് ടൗണിലെ വിവിധ പ്രദേശത്തുള്ളത്. റോഡരുകിൽ കുന്നുകൂട്ടുന്ന ഖര-പ്ലാസ്റ്റിക്ക് ജൈവ മാലിന്യങ്ങൾ നിത്യവും രാവിലെ നഗരസഭയിലെ കണ്ടിജൻസി ജീവനക്കാരെത്തി കത്തിച്ചു കളയുന്നുണ്ടെങ്കിലും ടൗൺ വിട്ടുള്ള റോഡരികിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂടുകയാണ്. ഇവ സംസ്‌കരിക്കുവാനോ സംഭരിക്കുവാനോ നഗരസഭയ്ക്ക് യാതൊരു വിധ പദ്ധതികളുമില്ല. പ്ലാസ്റ്റിക്ക് മാലിന്യം പ്രത്യേകം ശേഖരിച്ച് റീസൈക്കിൾ ചെയ്യാനായി നഗരസഭയുടെ നേതൃത്വത്തിൽ തൊഴുക്കലിൽ പ്ലാസ്റ്റിക്ക് റീസൈക്കിളിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. വഴുതൂരിന് സമീപമുള്ള യൂണിറ്റിലേക്ക് ആവശ്യമായ ടെക്നീഷ്യന്മാരുടെ അഭാവമാണ് പ്രവർത്തനം തുടങ്ങാത്തതിന് പിന്നിൽ.

ബദൽ സംവിധാനം പാ‌ഴ്‌വാക്കായി

നെയ്യാറ്റിൻകര ടൗണും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമേഖലയായി പ്രഖ്യാപിച്ചെങ്കിലും പ്ലാസ്റ്റിക്ക് കാരിയർ ബാഗുകളും കുപ്പികളും ഉപയോഗിക്കുന്നതിന് യാതൊരു വിധ നിയന്ത്രണവുമില്ല. ഇവ ഉപയോഗിക്കുന്നത് തടയുവാനോ ഉപയോഗിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനോ സംവിധാനമില്ല. ടൗണിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് കാരി ബാഗുകൾ സജീവമായുണ്ട്.

നടക്കാതെ പോയ വികേന്ദ്രീകൃത ചവർ സംസ്‌കരണം

കേന്ദ്രീകൃത ചവർ സംസ്കരണം എന്ന ആശയം പാടെ ഉപേക്ഷിച്ച് വാർഡുകൾ തോറും വികേന്ദ്രീകൃത ചവർസംസ്കരണ ശാലകൾ സ്ഥാപിക്കാനുള്ള നഗരസഭയുടെ പദ്ധതിയും പരാജയപ്പെട്ടു. ഇതോടെ തുറസായ സ്ഥലത്തിട്ടാണ് മാലിന്യം കത്തിക്കുന്നത്. ഈ വിഷവാതകം ശ്വസിക്കുന്നവർക്ക് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാൻ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടും താലൂക്ക് ആശുപത്രി പരിസരത്ത് പോലും പ്ലാസ്റ്റിക്ക് കുന്നുകൂട്ടി കത്തിക്കുന്നുണ്ട്. ഇതിനെതിരെ ബഹുജന പ്രതിഷേധം ഉയർന്നിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല.

ഈഴക്കുളത്തിന്റെ ദുർവിധിക്കും മാറ്റമില്ല

ടൗണിലെ മലിനജലം ഒഴുകിയെത്തുന്ന ഈഴക്കുളം നവീകരിക്കുകയും ഇവിടെയുള്ള മലിനജലം കാർഷികാവശ്യത്തിലേക്കായുള്ള ശുദ്ധജലമാക്കുവാനുമുള്ള ബൃഹത്പദ്ധതിക്ക് നിർദ്ദേശമുണ്ടായെങ്കിലും യാതൊന്നും നടപ്പായിട്ടില്ല. പകരം ഈഴക്കുളത്തിൽ പെറ്റുപെരുകുന്ന കൊതുകുകളുടെ കടിയേറ്റ് നിത്യരോഗികളാകാനാണ് നഗരവാസികളുടെ വിധിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ഉടൻ സ്ഥാപിക്കും

- കെ.കെ. ഷിബു, നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ