എന്നും സ്വന്തം നിലപാട് ഉറക്കെ പറയാനും അതിൽ ഉറച്ചുനിൽക്കാനും സായി പല്ലവി ജാഗ്രത പുലർത്താറുണ്ട്. ഇപ്പോൾ താരത്തിന്റെ അത്തരത്തിലുള്ള നിലപാടിനെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ സായി പല്ലവി വിസമ്മതിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. താരത്തിന്റെ പ്രശസ്തി കണ്ട് ഓഫറുമായി വൻകിട കമ്പനി എത്തി. താരം ഓഫർ നിരസിച്ചപ്പോൾ രണ്ടു കോടി വരെ പ്രതിഫലമായി മുന്നോട്ടുവച്ചുവെന്നാണ് അറിയുന്നത്. പക്ഷേ, തനിക്ക് പ്രേക്ഷകരെ വഞ്ചിക്കാൻ കഴിയില്ലെന്നും അത്തരം പരസ്യങ്ങളോട് താത്പര്യമില്ലെന്നും സായി പല്ലവി അറിയിക്കുകയായിരുന്നു. പരസ്യത്തിനു വേണ്ടി മേക്കപ്പിട്ട് നിൽക്കാനും പറ്റില്ലെന്നും താരം കമ്പനിയെ അറിയിച്ചു. സിനിമയിലായാലും മേക്കപ്പ് അധികം ഉപയോഗിക്കാത്ത താരമാണ് സായി പല്ലവി. പുതിയ ചിത്രത്തിനായി കരാർ ഒപ്പിടുമ്പോൾ തന്റെ നിബന്ധനകൾ കൂടി താരം നിർമ്മാതാവിനെയും അണിയറ പ്രവർത്തകരെയും മുൻകൂട്ടി അറിയിക്കാറുമുണ്ട്. പ്രതിഫലം വാങ്ങി നാട്ടുകാരെ പറ്റിക്കാനായി പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ സായിയെ കണ്ടു പഠിക്കണമെന്നാണ് ആരാധകർ പറയുന്നത്.