sreedharan-pillai

ആ​റ്റിങ്ങൽ: ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിയിൽ മതവൈരം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ ആ​റ്റിങ്ങൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. വർഗീയ കലാപം ഉണ്ടാക്കാനും രാജ്യത്തിന്റെ അഖണ്ഡത തകർക്കാനും ശ്രമിച്ചതിന് ഐ.പി.സി 153, 153 എ,153 ബി വകുപ്പുകളാണ് ചുമത്തിയത്. വീഡിയോ ക്ലിപ്പിംഗ് ഉൾപ്പെടെ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ ശ്യാം പറ‍ഞ്ഞു.

13ന് വൈകിട്ട് ആ​റ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് യോഗത്തിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശം നടത്തിയത്. വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന വാചകങ്ങൾ തിരഞ്ഞെടുപ്പിൽ വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് വി. ശിവൻകുട്ടി നൽകിയ പരാതിയിലാണ് കേസെടുത്തത്. ആ​റ്റിങ്ങൽ പൊലീസിലും റൂറൽ എസ്.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ശിവൻകുട്ടി പരാതി നൽകി. ശ്രീധരൻ പിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവൻകുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും വിശദീകരണം തേടിയിരുന്നു. ശ്രീധരൻ പിള്ളയുടെ വാക്കുകൾ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കോടതിയെ അറിയിക്കുകയും ചെയ്തു.