raj-kumar
രാജ്കുമാർ

കഴക്കൂട്ടം: വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേനംകുളം കളിയിൽ പഴയ വീട്ടിൽ രാജ്കുമാറിന്റെ (55) മരണത്തിലാണ് കൊലക്കേസ് പ്രതികൂടിയായ മകൻ ഉണ്ണിക്കുട്ടനെ (25)​ മെഡിക്കൽകോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. വീടിന് മുകളിൽ വീണ് തലയ്‌ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റെന്ന് പറഞ്ഞാണ് ഭാര്യ ജയശ്രീയും മകനും ചേർന്ന് ആട്ടോറിക്ഷയിൽ രാജ്കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന രാജ്കുമാറിനെ കഴിഞ്ഞദിവസം രാവിലെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹത തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.

അതിനിടെ രാജ്കുമാറിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കാനോ ഇയാളുടെ നാല് സഹോദരങ്ങളെ അറിയിക്കാനോ ആരും തയ്യാറായില്ലെന്ന് നാട്ടുകാരും പറഞ്ഞു. രാജ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ചികിത്സയ്‌ക്കുള്ള പണത്തിനായി ഉണ്ണിക്കുട്ടൻ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രാജ്കുമാറിന്റെ രക്തക്കറയുടെ പാടുള്ളതിനാൽ വീട് പൊലീസ് പൂട്ടി സീൽ ചെയ്‌തു. ഇതോടെ രാജ്കുമാറിന്റെ മൃതദേഹം സമീപത്തെ വീട്ടിലാണ് കൊണ്ടുവന്നത്. രണ്ടുവർഷം മുമ്പ് ഉണ്ണിക്കുട്ടൻ രാജ്കുമാറിനെ വെട്ടി പരിക്കേല്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രാജ്കുമാറിനെ ഉണ്ണിക്കുട്ടൻ നിരന്തരം മർദ്ദിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.

അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ. തുടർന്ന് ഉണ്ണിക്കുട്ടനെ കഴക്കൂട്ടം പൊലീസിന് കൈമാറി വിശദമായി ചോദ്യം ചെയ്യും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 2017 മാർച്ചിൽ മേനംകുളം ദേശസേവിനി ബാലവാടിക്കുസമീപം ചന്ദ്രത്ത് വീട്ടിൽ സന്തോഷിനെ വെട്ടിക്കൊന്ന കേസിൽ ഉണ്ണിക്കുട്ടൻ പ്രതിയാണ്. മേനംകുളം കുരിശടിക്ക് സമീപത്തുവച്ച് വിദ്യാർത്ഥിനികളെ അപമാനിച്ച കേസിലും, മേനംകുളത്ത് ജോൺ എന്നയാളിന്റെ കാർ അടിച്ചുപൊട്ടിച്ച കേസിലും പ്രതിയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ഉണ്ണിക്കുട്ടൻ ആട്ടോ ഡ്രൈവറാണ്. അശ്വതിരാജാണ് രാജ്കുമാറിന്റെ മകൾ.