vasanth

കന്യാകുമാരി: മീനാക്ഷി അമ്മൻകോവിലിലെ കളഭം നെറ്റിയിൽ തൊട്ട്, പ്രാർത്ഥനയോടെ പൊൻ രാധാകൃഷ്‌ണൻ നാഗർകോവിൽ എസ്.എൽ.ബി സൗത്ത് റോഡിലെ 13- ബി വീടിന്റെ പടവുകളിറങ്ങി വന്നു. 1991മുതൽ ജയിച്ചും തോറ്റും നടത്തിയ പോരാട്ടങ്ങൾ പോലെയല്ല ഇത്തവണ. ജന്മനാട്ടിലെ പോര് മരണപ്പോരാണ്. 417കോടി ആസ്‌തി വെളിപ്പെടുത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി, ബിസിനസുകാരൻ അഗസ്‌തീശ്വരംകാരൻ എച്ച്.വസന്തകുമാർ മണ്ഡലം ഇളക്കിമറിച്ചിട്ടിരിക്കുകയാണ്. തീരമേഖലകളിലെല്ലാം വസന്തകുമാറിന്റെ തേരോട്ടമായിരുന്നു. അത് പൊൻ രാധാകൃഷ്‌ണന്റെ മുഖത്തറിയാം. റോഡിലിറങ്ങി വീടിനടുത്തെ മുത്താരമ്മൻ കോവിലിൽ തൊഴുത്, മനസിലെ പ്രയാസങ്ങൾ ഇറക്കിവച്ച് നേരെ ബൂത്തിലേക്ക്.

ഒമ്പതേകാലോടെ സേതുലക്ഷ്‌മി ഭായി ഹയർസെക്കൻഡറി സ്‌കൂളിലെ 174-ാം ബൂത്തിലേക്ക്. 120-ാം വോട്ടറായി പൊൻരാധാകൃഷ്‌ണൻ എത്തിയപ്പോൾ തമിഴ്, മലയാളം ചാനലുകളുടെ പട. ഇപ്പോൾ സംസാരിച്ചുകൂടെന്ന് ആംഗ്യം കാട്ടി നേരെ ബൂത്തിനകത്തേക്ക്. തിരിച്ചറിയൽ രേഖകളുമായി വരിനിന്ന് കൈവിരലിൽ മഷിപുരട്ടി വോട്ടുചെയ്‌തു.

കേന്ദ്രമന്ത്രി വോട്ടുചെയ്യാനെത്തിയതോടെ ബൂത്ത് മാദ്ധ്യമപ്രവർത്തകർ കൈയടക്കി. കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡില്ലാത്ത ഒരാൾക്കും ബൂത്തിൽ കയറാനാവില്ല. പക്ഷേ, തമിഴകത്ത് ഇതൊന്നും ബാധകമേയല്ല. വോട്ടു ചെയ്‌ത് പുറത്തിറങ്ങിയ പൊന്നിനെ മാദ്ധ്യമപ്രവർത്തകർ പൊതിഞ്ഞു. സ്‌കൂളിനു പുറത്ത് രണ്ടിടത്ത് ചാനൽ മൈക്കുകൾക്കു മുന്നിൽ സംസാരിക്കാൻ പൊൻ തയ്യാറായെങ്കിലും, അനുയായികൾക്ക് ദഹിച്ചില്ല: "അണ്ണന് വെയിൽകൊള്ളും, തണലത്തു മതി പേച്ച്..." തരംഗം തനിക്ക് അനുകൂലമാണെന്നും രണ്ടുലക്ഷം വോട്ടിനു ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് ബൂത്ത് സന്ദർശനത്തിന് പുറപ്പെട്ടു.

പൊൻ രാധാകൃഷ്‌ണന്റെ ആത്മവിശ്വാസം പോലെയല്ല കന്യാകുമാരിയിലെ സ്ഥിതി. ഇന്നലെ രണ്ടാംഘട്ട വോട്ടെടുപ്പു നടന്ന എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനാണ് എതിരാളി വസന്തകുമാർ. ആസ്‌തി 417കോടി. അഞ്ചുവർഷത്തെ കണക്കു നോക്കിയാൽ വരുമാനത്തിൽ 45 ശതമാനം വാർഷിക വർദ്ധനവ്. കഴിഞ്ഞ വർഷത്തെ സമ്പാദ്യം 28.93 കോടി. തമിഴ്നാട്, കേരളം, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ ശൃംഖലയായ വസന്ത് ആൻഡ് കമ്പനിയുടെ ഉടമ. സ്വന്തമായി വസന്ത് ടി.വി ചാനൽ. മണ്ഡലത്തിലുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ൾക്ക് നേതൃത്വം നൽകുന്നു.

മകനും തമിഴ്- തെലുങ്ക് നടനുമായ വിജയ് വസന്താണ് പ്രചാരണം നയിച്ചത്. മണ്ഡലത്തിലുടനീളം ചുവരുകളിൽ വസന്ത് ആൻഡ് കോ, വസന്ത് ടി.വി പരസ്യങ്ങൾ. ബൂത്തുകളിൽ വസന്ത് ആൻഡ് കോ കുട ചൂടിയ വോട്ടർമാർ, വഴിയോരത്തെ കടകളിലും ഇളനീർ പന്തലുകളിലും വസന്തിന്റെ പരസ്യക്കുടകൾ. അതിശയോക്തിയല്ല- മണ്ഡലമാകെ കറുപ്പും മഞ്ഞയും നിറങ്ങളിൽ വസന്ത് നിറഞ്ഞുനിൽക്കുന്നു.

ഇനി രാഷ്ട്രീയം. ഡി.എം.കെയുടെ നേതൃത്വത്തിൽ സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, തിരുമവിളവൻ പാ‌ർട്ടി, വിടുതലൈച്ചിരുത്തൈ കക്ഷികളുടെ സഖ്യത്തിലാണ് കോൺഗ്രസ്. എ.ഐ.ഡി.എം.കെ, വിജയകാന്തിന്റെയും ശരത്കുമാറിന്റെയും ചെറു പാർട്ടികൾ, പട്ടാളിമക്കൾ കക്ഷി എന്നിവയുമായാണ് ബി.ജെ.പിയുടെ സഖ്യം. 2014-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒറ്റയ്‌ക്കു മത്സരിച്ചപ്പോൾ 2.44 ലക്ഷം വോട്ട് വസന്തകുമാർ പിടിച്ചിരുന്നു. രാധാകൃഷ്‌ണൻ പിടിച്ചത് 3.72 ലക്ഷം വോട്ട്. കോൺഗ്രസുമായി ഉടക്കിനിന്ന ഡി.എം.കെ-1.17ലക്ഷം, സി.പി.എം- 35,284 എന്നിങ്ങനെ വോട്ടുകൾ പെട്ടിയിലാക്കിയിരുന്നു. ഈ വോട്ടുകൾ മാത്രം മതി ജയിക്കാനെന്ന് വസന്തകുമാർ പറയുന്നു. അന്ന് അണ്ണാ ഡി.എം.കെ പിടിച്ച 1.76 ലക്ഷം വോട്ടുകളിലാണ് രാധാകൃഷ്‌ണന്റെ കണ്ണ്.

പക്ഷേ, ഈ തീപിടിച്ച പോരിന്റെ ചിത്രമല്ല, മണ്ഡലത്തിൽ കണ്ടത്. തീരദേശമേഖലകളായ കുളച്ചൽ, ഇനയം, റീത്താപുരം, കോവളം എന്നിവിടങ്ങളിലൊഴികെ വൈകിട്ട് മൂന്നുവരെ തിരക്കേയില്ല. വോട്ടെടുപ്പ് തീരെ മന്ദഗതിയിൽ. കന്യാകുമാരിയിലെയും നാഗർകോവിലിലെയും ബൂത്തുകളും ശുഷ്‌കം. എല്ലായിടത്തും കോൺഗ്രസും ഇടതുപാർട്ടികളും തോളിൽകൈയിട്ട് വസന്തകുമാറിന്റെ ബൂത്ത് ഏജന്റെന്ന സ്ലിപ്പ് നെഞ്ചിൽകുത്തി നടക്കുന്നു.

ഉച്ചയ്‌ക്കു ശേഷം ആളിറങ്ങുമെന്നും പോളിംഗ് കുതിക്കുമെന്നും കോൺഗ്രസുകാരൻ അരുൾ പറഞ്ഞു. അഗസ്‌തീശ്വരം സ്‌കൂളിൽ വോട്ടിട്ടശേഷം തീരമേഖലകളിലേക്കാണ് വസന്തകുമാർ പോയത്. ഇനയം തുറമുഖത്തിന്റെ പേരിൽ രാധാകൃഷ്‌ണനോടുള്ള മത്സ്യത്തൊഴിലാളികളുടെ വൈരം മുതലെടുക്കുകയാണ് മുതലാളി. ഒരുലക്ഷം പേരുടെ ജീവിതമാർഗ്ഗം ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്നാണ് കോൺഗ്രസിന്റെ പ്രചാരണം. ഓഖി ചുഴലിക്കാറ്റിൽ നൂറ് മത്സ്യത്തൊഴിലാളികൾ മരിച്ചുവീണിട്ടും രാധാകൃഷ്‌ണൻ തിരിഞ്ഞുനോക്കിയില്ലെന്നാണ് മറ്റൊരു ആക്ഷേപം. കഴിഞ്ഞ തവണ ക്രിസ്ത്യൻ- നാടാർ വിഭാഗവും മത്സ്യത്തൊഴിലാളികളും എ.ഐ.ഡി.എം.കെയെ പിന്തുണച്ചിരുന്നു. ഇത്തവണ ഡി.എം.കെയ്ക്കാണ് പിന്തുണ. പള്ളിയും വൈദികരും നിർണായക ശക്തിയായ തീരദേശത്തെ സംഘടിത വോട്ടുകളിലാണ് രാധാകൃഷ്‌ണന്റെയും വസന്തകുമാറിന്റെയും കണ്ണ്.

പണമൊഴുകി, മദ്യവും

മണ്ഡലത്തിലുടനീളം പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്കാണ് കണ്ടത്. രാവിലെ ഏഴിന് കുഴിത്തുറയിൽ ഓട്ടോറിക്ഷകളിൽ മദ്യം സ്റ്റോക്ക് ചെയ്തതായി ബൂത്ത് ഏജന്റ് പൊലീസിന് വിവരം നൽകുന്നത് ഞങ്ങൾ നേരിൽകണ്ടു. ബൂത്തുകൾക്കടുത്ത് മദ്യവും പണവും നൽകാൻ പ്രത്യേക സംവിധാനങ്ങൾ. വോട്ടൊന്നിന് 2500രൂപയും അരക്കുപ്പി മദ്യവുമാണെന്ന് ഒരുവോട്ടർ. മദ്യലഹരിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് തുടരെത്തുടരെ അപകടങ്ങൾ. ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും ഇഷ്ടംപോലെ ഭക്ഷണപ്പൊതികൾ.