തിരുവനന്തപുരം: ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്‌ക്കായി പെരിന്തൽമണ്ണയിൽ നിന്ന് ഇന്നലെ ശ്രീചിത്രാ മെഡിക്കൽ സെന്ററിലെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ ഉടൻ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാർഡിയോളജി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ വേളൂർ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ ആരോഗ്യനില വിദഗ്‌ദ്ധ ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. കാർഡിയോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർ ഹരികൃഷ്ണൻ, ഡോ. ബൈജു എസ്. ധരൻ, ഡോ. ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. അനസ്‌തേഷ്യാ വിഭാഗം ഡോക്ടർമാരും ഇന്നലെ പുലർച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. കാത്ത് ലാബിലും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
അതിസങ്കീർണമായ ശസ്ത്രക്രിയയാണ് നടത്തേണ്ടത്. ഹൃദയ ധമനികളുടെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിക്കാൻ അഞ്ച് വയസ് വരെ രണ്ടിലധികം ശസ്ത്രക്രിയകളും വളരെ നാളത്തെ തുടർചികിത്സയും വേണ്ടിവരും. സ്റ്റേജ് 1 നോർവുഡ് ശസ്ത്രക്രിയാ നടപടികളുമായി മുന്നോട്ടുപോകാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.