തിരുവനന്തപുരം: കണ്ണൂരും കാസർകോഡും ഒഴികെയുളള ജില്ലകളിൽ 22വരെ ശക്തമായ വേനൽമഴ ലഭിക്കും. ഇതോടൊപ്പം മണിക്കൂറിൽ അൻപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും കടുത്ത ഇടിമിന്നലും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വ്യത്യാസപ്പെടുന്നതിനാൽ ചൂടിന്റെ കാഠിന്യം അല്പം കുറയും. വേനൽ മഴ ഒരു ജില്ലയിൽ തന്നെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണുണ്ടാകുക. കാറ്റും ഇടിമിന്നലും ഇതിന്റെ പ്രത്യേകതകളാണ്. എന്നാൽ മഴ അധികം നീണ്ടുനിൽക്കില്ല. മലപ്പുറത്ത് ചില സ്ഥലങ്ങിൽ കനത്തമഴയ്ക്കും സാധ്യതയുണ്ട്. 22 ന് ശേഷം മഴയുടെ തീവ്രത കുറയും.
ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. ഇടിമിന്നലുള്ളപ്പോൾ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.ടി.വി യും മറ്റ് വൈദ്യുത ഉപകരണങ്ങളും ഒാഫ് ചെയ്യണം.