വിതുര : ഒരിടവേളയ്ക്ക് ശേഷം വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മോഷ്ടാക്കൾ വിലസുന്നു. ഒരാഴ്‌ചക്കുള്ളിൽ അഞ്ചിടങ്ങളിൽ മോഷണം നടന്നു.
മൂന്ന് വീടുകളിൽ നിന്ന് സ്വർണവും പണവും കവർന്നു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, പൊൻപാറ, വിതുര പഞ്ചായത്തിലെ ആനപ്പാറ മൂന്ന് സെന്റ് കോളനി എന്നിവിടങ്ങളിലെ വീടുകളിലാണ് കവർച്ച നടന്നത്. മോഷണശ്രമത്തിനിടയിൽ വീട്ടുകാർ ഉണർന്നതിനാൽ രണ്ട് വീടുകളിലെ മോഷണശ്രമം പരാജയപ്പെട്ടു. ഇവിടെ പൊലീസ് എത്തി വിശദമായ പരിശോധനകൾ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

മോഷണങ്ങൾ വർദ്ധിച്ചതുമൂലം നാട്ടുകാർ ഭീതിയിലാണ്. നേരത്തേ അനവധി സ്ഥലങ്ങളിൽ നിന്നും റബർഷീറ്റും, കാർഷികവിളകളും മോഷ്ടിക്കപ്പെട്ടിരുന്നു. ഇതെല്ലാം ചെറിയ മോഷണങ്ങളായതിനാൽ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടില്ല. നേരത്തെ അനവധി ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നിരുന്നു. മോഷണ പരമ്പര തന്നെ അരങ്ങേറിയിട്ടും ഒരു കള്ളനെ പോലും പിടികൂടാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധ

ത്തിലാണ്.

തൊളിക്കോട്ട് ബൈക്കുകൾ മോഷ്ടിച്ചു

തൊളിക്കോട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് ബൈക്കുകൾ മോഷണം പോയി. രണ്ടിടത്ത് മോഷ്ടിച്ച ബൈക്കുകളിൽ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീർന്നതിനാൽ കള്ളന്മാർ വഴിയിൽ കുടുങ്ങുകയും ബൈക്ക് ഉപേക്ഷിച്ച് പോകുകയും ചെയ്തു. തൊളിക്കോട് ഷീബാമൻസിലിൽ അൽഅസീമിൻെറ കറുത്ത നിറത്തിലുള്ള പൾസർ ബൈക്ക് കടത്തികൊണ്ടുപോയിരുന്നു.

 ക്ഷേത്രത്തിലും മോഷണം
വിതുര ആനപ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ശ്രീകോവിൽ പൊളിച്ച് അകത്ത് കയറി വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചവരെ ഇതുവരെ പിടികൂടിയില്ല. ആറര പവനോളം സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ഷേത്രത്തിലെ കാണിക്കവഞ്ചി അനവധി തവണ തകർത്ത് പണം കവർന്നിട്ടുണ്ട്. ഇതുവരെയും പ്രതിയെ പിടികൂടാനായില്ല.

പൊലീസ് അന്വേഷണം ശക്തമാക്കി

വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ മോഷണം വർദ്ധിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എല്ലാ മേഖലയിലും നൈറ്റ് പട്രോളിംഗ് ശക്തമാക്കി.

'വിതുര മേഖലയിൽ വർദ്ധിച്ചുവരുന്ന മോഷണത്തിന് തടയിടാൻ പൊലീസ് അടിയന്തിര നടപടികൾ സ്വീകരിക്കണം

- ഫെഡറേഷൻസ് ഒഫ് റസിഡന്റ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി