ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിന് ആരംഭം
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ദർശനവും ഗുരു കാട്ടിത്തന്ന വഴിയിലൂടെയാണോ വളരുന്നതെന്ന് പരിശോധിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരിയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ആരംഭം കുറിച്ചത് 1888ൽ അരുവിപ്പുറത്താണ്. അതിനു ശേഷം നാടിന്റെ നാനാഭാഗങ്ങളിലും നിരവധി ക്ഷേത്രപ്രതിഷ്ഠകൾ നടത്തി. അവിടെയൊക്കെ ആചാരങ്ങളും ക്രമങ്ങളുമൊക്കെ ഗുരുതന്നെ കല്പിച്ചിട്ടുമുണ്ട്. 1912ൽ ശിവഗിരിയിൽ വിദ്യാദേവതയായ ശാരദാംബയെ പ്രതിഷ്ഠിച്ചുകൊണ്ട് ഇവിടത്തെ ആചാരങ്ങൾ എങ്ങനെയായിരിക്കുമെന്നും കല്പിച്ചു. സാധാരണ ക്ഷേത്രങ്ങൾക്കപ്പുറമുള്ളൊരു ക്ഷേത്ര സങ്കല്പമാണ് ഗുരുവിന് ഉണ്ടായിരുന്നത്. പേരു പോലും വ്യത്യസ്തമാണ്. ശാരദാമഠം എന്നാണ് ഗുരു നിർദ്ദേശിച്ചത്. ഗുരുവും ശിഷ്യരും ഒന്നിച്ചു കഴിയുന്ന ഇടമാണ് മഠമെന്നും ഗുരു അരുൾചെയ്തു.
ശാരദാ പ്രതിഷ്ഠയുടെ വാർഷിക സ്മരണയായിട്ടാണ് ധർമ്മ മീമാംസാ പരിഷത്ത് വിഭാവനം ചെയ്തിട്ടുള്ളത്. ഈശ്വരാരാധനയിലൂടെ എങ്ങനെ മുന്നേറണമെന്ന് ഗുരുദേവൻ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. വളരെ ലളിതവും പണച്ചെലവ് കുറഞ്ഞതുമായ ക്ഷേത്രങ്ങളും മഠങ്ങളുമാണുണ്ടാകേണ്ടത്. ഇവയൊക്കെ മറ്റു പല കാര്യങ്ങൾക്കും ഉപയോഗപ്രദമായ തരത്തിലായിരിക്കണം. ശിവഗിരിമഠം കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ ചില നിർദ്ദേശങ്ങൾ നൽകി. ഇതിന്റെ ഫലമായി ഗുരുക്ഷേത്രങ്ങൾ അത്തരത്തിൽ രൂപകല്പന നടത്തിവരുന്നതായി കാണുന്നു.
ജ്ഞാനമാണ് ഏതൊരു മനുഷ്യനെയും ഉന്നതിയിലേക്ക് നയിക്കുന്നത്. കേവലം ഉയർന്ന ജീവിതം നയിച്ച് നശിച്ചു പോകുവാനുള്ളതല്ല മനുഷ്യജന്മം. പരമപദത്തിൽ എത്താനുള്ള കാര്യങ്ങൾ പഠിക്കാനും പ്രയോഗത്തിൽ വരുവാനും പരിഷത്തുകൾക്കും സെമിനാറുകൾക്കും കഴിയുമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
ഗുരുദേവ ദർശനം പ്രചരിപ്പിക്കുന്നതിൽ നാമെല്ലാം വ്യാപൃതരാണെങ്കിലും സമൂഹത്തിലേക്ക് നോക്കുമ്പോൾ പറയത്തക്ക മാറ്റങ്ങളോ ചലനങ്ങളോ ഉണ്ടായിക്കാണുന്നില്ലെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. എല്ലാത്തിന്റെയും മൂലസ്ഥാനമായി ഗൃഹസ്ഥാശ്രമത്തെയാണ് ഗുരു കാണിച്ചുതന്നത്. ഗൃഹസ്ഥാശ്രമവും കുട്ടികളോടുള്ള സമീപനവും എങ്ങനെയായിരിക്കണമെന്നും ഗുരു പറഞ്ഞിട്ടുണ്ട്. ഈ ഉപദേശം മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ പ്രീമാര്യേജ് കൗൺസലിംഗ് ഉൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അവ്യയാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സച്ചിദാനന്ദ, കുറിച്ചിസദൻ, വാഴൂർ വിജയൻ, കെ.കെ. കൃഷ്ണാനന്ദബാബു, വി.എൻ. കുഞ്ഞമ്മ, സരോജിനി, ഡോ. ബി. കരുണാകരൻ, ടി.വി. രാജേന്ദ്രൻ, ഇ.എം. സോമനാഥൻ, പുത്തൂർ ശോഭനൻ എന്നിവർ സംസാരിച്ചു. ഡോ. ബി. കരുണാകരൻ രചിച്ച 'ശ്രീശങ്കരന്റെ വൈദിക അദ്വൈതവും ശ്രീനാരായണന്റെ മതാതീത അദ്വൈതവും" എന്ന കൃതി സ്വാമി വിശുദ്ധാനന്ദ പ്രകാശനം ചെയ്തു.
കെ.എം. മാണി, ഡോ. ഡി. ബാബുപോൾ, കെ.പി.എ. റഹിം, ടി.എൻ. ലക്ഷ്മണൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാവിലെ 7.30ന് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തിയതോടെയാണ് പരിഷത്തിന് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളിൽ പഠനക്ലാസുകളും ബ്രഹ്മവിദ്യാർത്ഥി സമ്മേളനവും നടന്നു.