1

പൂവാർ: പൂവാർ തീരദേശ മേഖലയിൽ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി. ആഴ്ചയിൽ മൂന്ന് ദിവസമാണ് പൊതു ടാപ്പിലൂടെ കുടി വെള്ളം ലഭിക്കുന്നത്. അതും ചിലപ്പോഴെല്ലാം മുടങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടൽ വ്യാപകമായി നടക്കാറുള്ള മേഖലയാണ് ഇവിടം. പിന്നെ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുകയും ചെയ്യും. കരിച്ചൽ പമ്പ് ഹൗസ്സിൽ നിന്നുമാണ് തീരദേശ മേഖലയ്ക്ക് മുഴുവനായും ഇപ്പോൾ കുടിവെള്ളമെത്തുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാകാറുണ്ടെന്ന് പരാതിയുണ്ട്. ഇവിടെയാകട്ടെ ഒരു പമ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ പയന്തിയിലെ കിണറിൽ നിന്നും ശേഖരിക്കുന്ന വെള്ളവും ഉപയോഗിക്കുന്നുണ്ട്. എന്നാൽ,​ ഇതുകൊണ്ട് കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിക്കുന്നില്ല.

15.92 കോടി മുടക്കി തിരുപുറത്തെ കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചെങ്കിലും ഇതുവരെ അവിടെ നിന്നുള്ള വെള്ളം പൂവാർ നിവാസികൾക്ക് കിട്ടിയിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിൽ എത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. പഴക്കമേറിയതും, വലിപ്പക്കുറവുള്ളതുമായ പൈപ്പുകളാണ് നിലവിലുള്ളത്. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾ തന്നെ പൈപ്പുകൾ പൊട്ടാൻ തുടങ്ങിയതാണ് ആ ദൗത്യം ഉപേക്ഷിക്കാൻ കാരണമായത്. കാലപ്പഴക്കമേറിയ പൈപ്പുകൾ മാറ്റിയും, കരിച്ചലിലെ രണ്ട് പമ്പുകൾ പ്രവർത്തനക്ഷമമാക്കിയും, പൂവാറിലെ ടാങ്കിന്റെ വെള്ളം ഉൾക്കൊള്ളിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമെ ഒരു പരിധിവരെ തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയൂ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.