amalkrishna

പാറശാല: ഓട പണിയിലെ തകരാറ് കാരണം മഴവെള്ളം കടകൾക്കുള്ളിലേക്ക് കയറി. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്നാണ് പാറശാല ഗാന്ധിപാർക്കിന് സമീപത്തെ കടകൾക്കുള്ളിലേക്ക് ഓടയിലെ അഴുക്ക് വെള്ളം ഒഴുകി ഇറങ്ങിയത്. ഗാന്ധി പാർക്കിലൂടെ കടന്ന് പോകുന്ന ഓട ഏറെക്കാലമായി തകർന്ന് കിടന്നത് കാരണം മഴവെള്ളം ദേശീയ പാതയിലും സമീപ പ്രദേശങ്ങളിലും ഒഴുകി എത്തുന്നത് പതിവായിരുന്നു. നാട്ടുകാരുടെയും സമീപത്തെ കട ഉടമകളുടെയും നിരന്തര പരാതികളെ തുടർന്ന് പി.ഡബ്ള്യു.ഡി അധികൃതർ അടുത്തകാലത്തായി ഓട പുഃനർനിർമ്മിച്ച് സ്ലാബിട്ട് മൂടി. എന്നാൽ ഓട നിർമ്മാണത്തിലെ അപാകതകൾ കാരണവും ഓടക്കുള്ളിൽ ചപ്പ് ചവറുകൾ നിറഞ്ഞും വെള്ളം ഓടയിൽ നിറഞ്ഞ് കവിഞ്ഞ് സമീപത്തുള്ള കടയ്ക്കുള്ളിലേക്ക് ഒഴുകുകയാണ്. ഓട നിർമ്മിച്ച അധികൃതരെത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.