doctors

തിരുവനന്തപുരം : മാതാപിതാക്കളുടെ മർദ്ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള ഇതര സംസ്ഥാനക്കാരനായ മൂന്നര വയസുകാരന്റെ ചികിത്സാച്ചെലവും സുരക്ഷയും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യനില മോശമായതിനാൽ കുട്ടിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാനാകില്ല. ആരോഗ്യനില വിലയിരുത്തുന്നതിന് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണൻ, പീഡിയാട്രിക് വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. വീരേന്ദ്രകുമാർ, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസർ ഡോ. ഹാരിസ് എന്നിവരടങ്ങിയ പ്രത്യേക മെഡിക്കൽ സംഘം രാത്രി ഏഴിന് ആശുപത്രിയിലെത്തും. പ്രത്യേക മെഡിക്കൽ സംഘം കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.

സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഉടൻ കർശന നടപടി സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ആശുപത്രിയുമായി ബന്ധപ്പെട്ട് കുട്ടിയുടെ ചികിത്സ‌യ്‌ക്കും സുരക്ഷയ്‌ക്കുമാവശ്യമായ സൗകര്യങ്ങൾ ഒരുക്കി. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി മന്ത്രി കെ.കെ. ശൈലജ ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നു.