തിരുവനന്തപുരം:മാതാപിതാക്കളുടെ അതിക്രമങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന അപേക്ഷയുമായി ശിശുക്ഷേമ സമിതിയുടെ ഹെൽപ്പ് ലൈൻ ആയ തണലിലേക്ക് മാസം അറുപതിലേറെ ഫോൺ കോളുകൾ എത്തുന്നു. വിവിധ പരാതികളുമായി ദിവസവും എത്തുന്ന മുപ്പത്തഞ്ചോളം കോളുകളിൽ രണ്ടെണ്ണമെങ്കിലും മാതാപിതാക്കളുടെ ആക്രമണത്തിന് ഇരയാകുന്ന കുട്ടികളെക്കുറിച്ചുള്ളതാണെന്ന് ശിശുക്ഷേമ സമിതി സംസ്ഥാന കോ - ഓർഡിനേറ്റർ കെ.ബാഹുലേയൻ നായർ പറയുന്നു. കുട്ടികൾ നേരിട്ടു വിളിക്കുന്നതും അയൽക്കാരോ ബന്ധുക്കളോ വിളിക്കുന്നതും ഉണ്ട്. ഏറ്റവും കൂടുതൽ കോളുകൾ തിരുവനന്തപുരത്ത് നിന്നാണ്.
കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ പതിനാല് ജില്ലകളിലും 2017ൽ സർക്കാർ ആവിഷ്‌ക്കരിച്ച തണൽ പദ്ധതിയിൽ കഴിഞ്ഞ മാർച്ച് വരെ 24,632 ഫോൺകോളുകളാണ് സഹായം തേടി എത്തിയത്.
മക്കളെ മൃഗീയമായി ആക്രമിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുന്നുവെന്ന ചോദ്യത്തിന് ഉത്തരം ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും ലഹരിയുമാണെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ആലുവയിലും തൊടുപുഴയിലും മറ്റും ഉണ്ടായ ക്രൂരതകൾ ഉദാഹരണമാണ്.
11,72,433 കുടുംബങ്ങളിൽ കുട്ടികൾക്ക് സുരക്ഷയില്ലസംസ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾക്ക് സുരക്ഷയില്ലെന്നും അവർക്ക് നേരെ വിവിധ അതിക്രമങ്ങൾക്കു സാദ്ധ്യതയുണ്ടെന്നുമായിരുന്നു സാമൂഹിക നീതി വകുപ്പിന്റെ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. 2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 10.4 ശതമാനം കുട്ടികളാണ് (333.38 ലക്ഷം). ഇതിൽ 4.4 ശതമാനവും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനിരയാവുന്നു.
മാതാപിതാക്കൾക്കിടയിലെ സംഘർഷങ്ങൾക്ക് പലപ്പോഴും ഇരയാകുന്നത് കുട്ടികളാണ്. പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ പിന്നീട് എത്തുന്ന പങ്കാളിയുടെ അതിക്രമങ്ങൾക്ക് കുട്ടികൾ ഇരയാകുന്നു.
ശാരീരികമായി അക്രമിക്കപ്പെട്ട് കുട്ടികൾ അവശരാകുമ്പോഴാണ് പുറംലോകമറിയുന്നത്. പുറത്തറിയാത്ത മാനസിക പ്രശ്നങ്ങളുമായി ജീവിക്കുന്ന ഒട്ടേറെ കുട്ടികൾ ഉണ്ടാകും. ഇവരിൽ പലരും പിന്നീട് ലഹരി തേടി പോകാറുണ്ട്. കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ തടയുകയോ മോശമാക്കുകയോ ചെയ്യുന്ന ഏത് പ്രവൃത്തിയും 'ചൈൽഡ് അബ്യൂസ് ' ആണ്.
കുട്ടിയുടെ മൊഴിയിൽ നിന്ന് മാതാപിതാക്കൾ കുറ്റക്കാരാണെന്ന് കണ്ടാൽ ക്രിമിനൽ കേസെടുക്കാം.
കുട്ടികലോടുള്ള അതിക്രമം നാല് തരം
കരുതൽ നൽകാതിരിക്കുക,
മാനസികമായ അതിക്രമങ്ങൾ
ലൈംഗിക അതിക്രമങ്ങൾ
ശാരീരിക അതിക്രമങ്ങൾ