m-t-ramesh

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന വ്യാജേന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ അപക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ മാദ്ധ്യമങ്ങളോടാണ് പറയുന്നത്. വിശദീകരണം പോലും ചോദിക്കാതെയാണിത് പറയുന്നത്. മാദ്ധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്ന രീതി ജനാധിപത്യ വിരുദ്ധമാണ്. ബി.ജെ.പി അദ്ധ്യക്ഷനെതിരെ കേസെടുത്ത് പ്രചാരണത്തിൽ നിന്നു മാ​റ്റിനിറുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചുകൊണ്ടോ മോശമാക്കി ചിത്രീകരിച്ചുകൊണ്ടോ ഒരു വാക്കുപോലും ശ്രീധരൻ പിള്ള പറഞ്ഞിട്ടില്ല. ബാലകോട്ടിൽ വ്യോമസേന നടത്തിയ സർജിക്കൽ

സ്‌​ട്രൈക്കിന് കണക്കും തെളിവും പാകിസ്ഥാൻ ചോദിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇടത് വലത് നേതാക്കളും രാജ്യത്തോട് തെളിവ് ചോദിച്ചു. 'ദേഹപരിശോധന" എന്ന വാക്ക് ചില മതങ്ങളെ അടിസ്ഥാനമാക്കിയാണെന്ന തരത്തിൽ തെ​റ്റിദ്ധാരണ പരത്തുകയാണ്. മരിച്ചയാളിനെ തിരിച്ചറിയാനും മരണകാരണം അറിയാനും മൃതദേഹ പരിശോധനയും പോസ്​റ്റുമോർട്ടവുമാണ് മാനദണ്ഡം. ഇക്കാര്യമാണ് ശ്രീധരൻപിള്ള പറഞ്ഞത്. ഭീകരതയ്ക്ക് മതമില്ലെന്നതാണ് ബി.ജെ.പിയുടെ നിലപാട്. ക്ഷേത്രോത്സവം നടന്ന സ്ഥലത്ത് ഒരു മതവിഭാഗത്തെ വാക്കുകൊണ്ട് വ്രണപ്പെടുത്തിയതിന് മുഖ്യമന്ത്റിക്കെതിരെ പരാതി നൽകിയിട്ട് നടപടി സ്വീകരിച്ചില്ലെന്നും രമേശ് പറഞ്ഞു.