prathin

തിരുവനന്തപുരം : ടെലിവിഷൻ സാങ്കേതിക രംഗത്ത് രണ്ടര പതിറ്റാണ്ട് സജീവ സാന്നിദ്ധ്യമായിരുന്ന കെ.പി.പ്രതിന്റെ അകാല വിയോഗത്തിൽ തലസ്ഥാനത്തെ ടെലിവിഷൻ സീരിയൽ രംഗം വിതുമ്പുന്നു. സൗമന്യനായ സുഹൃത്ത് ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചത് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. കഠിനപ്രയത്നത്തിലൂടെ മീഡിയ വിഷൻ എന്ന പവർ യൂണിറ്റ് സംരംഭം ആരംഭിച്ച് സീരിയൽ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പ്രതിന്റെ മടങ്ങിവരവിനായി പ്രാ‌ർത്ഥിച്ചിരുന്ന സുഹൃത്തുക്കൾ ഞെട്ടലോടെയാണ് ഇന്നലെ മരണവാർത്ത കേട്ടത്.

പഠനം കഴിഞ്ഞ് 21ാം വയസിൽ വയസിൽ ഗുഡ്നൈറ്റ് ഫിലിംസിന്റെ കാമറാ യൂണിറ്റ് മാനേജരായാണ് പ്രതിൻ നഗരത്തിലെത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ടെലിവിഷൻ, സ്റ്റേജ് പരിപാടികൾക്ക് ശബ്ദവും വെളിച്ചവും നൽകുന്ന മീഡിയ വിഷന് തുടക്കം കുറിച്ചു. വട്ടിയൂർക്കാവായിരുന്നു ആസ്ഥാനം.

1990കളിൽ സീരിയലുകളുടെ ആദ്യകാലത്ത് ദൂരദർശനിലും പിന്നെ ഏഷ്യാനെറ്റിലൂടെയും സജീവമായി. തുടർന്ന് മലയാളത്തിൽ ജന്മംകൊണ്ട എല്ലാ ചാനലുകളിലെയും സീരിയലുകൾക്ക് പ്രതിന്റെ സാങ്കേതിക മികവ് അനിവാര്യമായി. ലെനിൻ രാജേന്ദ്രന്റെ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾക്ക് ശബ്ദവും വെളിച്ചവും നൽകി. സതീഷ് ബാബു പയ്യന്നൂർ, ബൈജു ദേവരാജ്, ഷൈനി ജേക്കബ് ബെഞ്ചമിൻ, സജി ഡൊമനിക്ക് തുടങ്ങിയവർക്കൊപ്പമായിരുന്നു പ്രതിന്റെ ടെലിവിഷൻ രംഗത്തേക്കുള്ള കടന്നുവരവ്. ആരോടും മുഷിയാതെ ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായി പൂർത്തിയാക്കുന്ന വ്യക്തിയായിരുന്നു പ്രതിനെന്ന് സുഹൃത്തുക്കൾ പറയുന്നു.

25 വർഷത്തിനുള്ളിൽ 75ഓളം സീരിയലുകളിൽ പ്രവർത്തിച്ചു. വിവിധ ചാനലുകളിലെ അഞ്ച് സീരിയലുകൾക്ക് മീഡിയ വിഷൻ സാങ്കേതിക സഹായം നൽകുന്നതിനിടെയാണ് പ്രദിന്റെ വിയോഗം. നിലവിൽ നാല് യൂണിറ്റുകൾ സ്വന്തമായുണ്ട്. കൊടുങ്ങാനൂർ കലാഗ്രാമത്തിലായിരുന്നു താമസം.