photo

നെടുമങ്ങാട് : വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയിൽ എത്തുന്നവർക്ക് ഇവിടുത്തെ പൊലീസ് സ്റ്റേഷനും ഒരു കൗതുക കാഴ്ചയാണ്. ലോക്കപ്പ് മുറി ഇല്ലാത്ത അപൂർവം സ്റ്റേഷനുകളിലൊന്ന്. മുമ്പ് വാട്ടർ അതോറിട്ടി ചായപ്പീടിക നടത്തിയിരുന്ന ഷീറ്റ് മേഞ്ഞ ഒറ്റ മുറി. അതിന്റെ ഒരു കോണിൽ സുരക്ഷിതമെന്ന് തോന്നിക്കുന്ന ഭാഗം വനിത പൊലീസുകാരുടെ വിശ്രമ കേന്ദ്രം. ശേഷിക്കുന്ന സ്ഥലത്താണ് എസ്.എച്ച്.ഒയും എസ്.ഐയും മൂന്ന് ഗ്രേഡ് എസ്.ഐമാരും ഉൾപ്പടെ ഇരുപതോളം പൊലീസുകാർ ഡ്യുട്ടി ചെയ്യുന്നത്. കേസുകളിൽ കസ്റ്റഡിയിലാവുന്നവരും പരാതി ബോധിപ്പിക്കാനെത്തുന്നവരും ഇവിടെ ഒരുപോലെ. ഇരുകൂട്ടർക്കും വരാന്തയിലാണ് സ്ഥാനം. കൊടും വേനലിൽ ചുട്ടുപൊള്ളുന്ന ഷീറ്റിനടിയിൽ വെന്തുരുകി കഴിയേണ്ട ഗതികേടിലാണ് പൊലീസുകാർ. വൈദ്യുതി മുടക്കം പതിവ്. ഒരു ഫാൻ പോലും പ്രവർത്തിക്കാനാവില്ല.വല്ലപ്പോഴും മിന്നിമറയുന്ന വൈദ്യുതിയിൽ ടോർച്ച്, മൊബൈൽഫോൺ എന്നിവ ചാർജ്ജ് ചെയ്യാനോ, ഫോട്ടോ സ്റ്റാറ്റ് എടുക്കാനോ സാധിക്കുന്നില്ല. കംമ്പ്യൂട്ടർ മിക്കപ്പോഴും തകരാറിലാണ്. ഓൺലൈൻ സംവിധാനം നിലവിൽ വന്നതിനു ശേഷം കോടതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് കമ്പ്യൂട്ടറിലൂടെയാണ്. വൈദ്യുതിയുടെ അഭാവം കാരണം കേസുകൾ രജിസ്റ്ററുകൾ യഥാസമയം ചെയ്യാനാവുന്നില്ല. മേലുദ്യോഗസ്ഥർക്ക് ദിവസവും അയയ്‌ക്കേണ്ട അടിയന്തര പ്രാധാന്യമുള്ള ഇ-മെയിലുകളും മുടങ്ങുകയാണ്. തിരഞ്ഞെടുപ്പ് സമയമായതിനാൽ കളക്ടർക്കും മറ്റും സന്ദേശങ്ങൾ അയയ്‌ക്കേണ്ടതുണ്ട്. കൃത്യവിലോപത്തിന് പതിവായി ശകാരം കേൾക്കേണ്ട സ്ഥിതിയാണ്. സ്റ്റേഷൻ പ്രവർത്തനം തകിടം മരിക്കുന്ന വൈദ്യുതി മുടക്കാതെ കുറിച്ച് ഉന്നത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻഹൗസ് ഓഫീസർ അനിൽകുമാർ നിരവധി തവണ റിപ്പോർട്ട് നൽകിയെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ല. വേനൽ കടുത്തതോടെ പകൽ സമയം സ്റ്റേഷനിലിരുന്ന് ഡ്യൂട്ടി ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.