തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി കൊടിയിറങ്ങും. വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമാവും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും. തീരത്തെ കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പൂജകൾക്ക് ശേഷം സമുദ്റത്തിലാറാടിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ശനിയാഴ്ച ആറാട്ട് കലശം നടക്കും. പൈങ്കുനി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഇന്നലെ ക്ഷേത്രത്തിൽ നടന്നു. വൈകിട്ട് ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. രാജകുടുംബസ്ഥാനി മൂലം തിരുനാൾ രാമവർമ്മ ക്ഷേതത്തിൽ നിന്നു ഉടവാളുമായി പടിഞ്ഞാറെ നട വഴി അകമ്പടി വന്നു. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മ​റ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. വേട്ടക്കളത്തിന് സമീപത്ത് തന്ത്റി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് അമ്പും വില്ലും ആവാഹനം കഴിച്ച് രാമവർമ്മയ്ക്ക് കൈമാറി. പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തിയത്. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് മടങ്ങിയത്. വടക്കേ നട വഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ കടന്നു. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ ശ്രീപദ്മനാഭസ്വാമി വിഗ്രഹം വച്ച് മുളയീട് പൂജ നടന്നു. ഇന്ന് രാവിലെ പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും.