തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ, ദേശീയ, സംസ്ഥാന രാഷ്ട്രീയപ്രശ്നങ്ങളുയർത്തിയുള്ള ആരോപണ- പ്രത്യാരോപണങ്ങളാൽ കളം നിറഞ്ഞ് കളിക്കുകയാണ് മൂന്ന് മുന്നണികളും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയനേതൃത്വത്തിലെ താരനിരയാണ് കേരളത്തിലെത്തി രാഷ്ട്രീയചർച്ചകൾ കൊഴുപ്പിക്കുന്നത്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ രാഹുൽഗാന്ധി വീണ്ടുമെത്തിയതിനു പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തുകയാണ്.
തുടക്കത്തിൽ വലിയ ചർച്ചയ്ക്ക് വിഷയമാകാതിരുന്ന ശബരിമല വിവാദം അവസാനഘട്ടമെത്തിയതോടെ ബി.ജെ.പി ശക്തമായ പ്രചരണായുധമാക്കിത്തുടങ്ങിയതോടെ തിരിച്ചടിക്ക് ഇടതു പ്രചാരണനായകനായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇറങ്ങി. ശബരിമല വിഷയമുയർത്തി കേരളത്തിനു പുറത്ത് ഇടതുസർക്കാരിനെതിരെ രൂക്ഷമായി കടന്നാക്രമിച്ച പ്രധാനമന്ത്രിക്കാണ് വിവിധ വേദികളിലായി മുഖ്യമന്ത്രി മറുപടി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലെ വാവിട്ട നാക്കുകളും അവസാനഘട്ടത്തിൽ വിവാദങ്ങളായി കത്തിപ്പടരുന്നുണ്ട്. ബാലക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട മുസ്ലിം വിരുദ്ധ പരാമർശനത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ ഇടതുമുന്നണി നൽകിയ പരാതി, കണ്ണൂരിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായ പരാതി എന്നിവ ഉദാഹരണം. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കീതു ചെയ്തത് മറ്റൊരു വഴിത്തിരിവായി.
കേന്ദ്രത്തിലെ മോദി സർക്കാരിനും സംഘപരിവാറിനുമെതിരെ വിമർശനം കൂർപ്പിച്ചാണ് തുടക്കത്തിൽ ഇടതുമുന്നണി പ്രചരണം മുന്നോട്ട് നീക്കിയത്. ബി.ജെ.പിയെ എതിരിടുന്നതിൽ കോൺഗ്രസിന്റെ വിശ്വാസ്യതയെ മാത്രമാണ് തുടക്കത്തിൽ ഇടതുപക്ഷം ചോദ്യം ചെയ്തിരുന്നത്. രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ, ബി.ജെ.പിയുടേതിന് സമാനമായ കോൺഗ്രസിന്റെ സാമ്പത്തികനയത്തിലടക്കം വിമർശനം കടുപ്പിച്ചു. കർഷകദുരിതത്തിന് വഴി വച്ച ആസിയൻ കരാറും കോൺഗ്രസിന്റെ മൃദുഹിന്ദുത്വസമീപനവുമെല്ലാം രാഷ്ട്രീയാക്രമണത്തിന് ഇടതുപക്ഷം ആയുധമാക്കി. സ്ഥാനാർത്ഥിനിർണ്ണയം നേരത്തേ പൂർത്തിയാക്കി കളത്തിലിറങ്ങിയ ഇടതുമുന്നണി പ്രചരണരംഗത്ത് തുടക്കം മുതൽ പുലർത്തിവന്ന ആധിപത്യം അവസാനം വരെയും നിലനിറുത്തിയെങ്കിലും യു.ഡി.എഫും എൻ.ഡി.എയും രംഗത്തിറങ്ങിയതോടെ ചിലേടങ്ങളിൽ അവർ കളം നിറയുന്നതും കണ്ടു.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ വരവുണ്ടാക്കുന്ന ഓളം ചെറുതാവില്ലെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്. ന്യൂനപക്ഷ ഏകീകരണം ഇരുപത് മണ്ഡലങ്ങളിലും ചലനങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷ അവരെ നയിക്കുന്നു. അങ്ങനെയൊരു ഏകീകരണത്തിന് സാദ്ധ്യതയില്ലെന്നാണ് ഇടതുപക്ഷം കരുതുന്നത്. ചെങ്ങന്നൂർ ഇഫക്ട് മതന്യൂനപക്ഷമേഖലകളിൽ എല്ലായിടത്തും ഇടതിനനുകൂലമായി ഇപ്പോഴുമുണ്ടെന്നാണവരുടെ വിലയിുത്തൽ.
ശബരിമലയിൽ തട്ടിയുണ്ടാകുന്ന അടിയൊഴുക്ക് തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷാബലം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലുമടക്കം പലേടത്തും അവരത് പ്രതീക്ഷിക്കുന്നു. നാമജപസമരമടക്കം സൃഷ്ടിച്ച ചലനങ്ങൾ അനുകൂലമാകുമെന്ന് അവർ കരുതുമ്പോൾ, ശബരിമല വിഷയത്തിൽ അനുകൂലതരംഗം യു.ഡി.എഫും പ്രതീക്ഷിക്കുന്നു. എൻ.എസ്.എസിന്റേതടക്കമുള്ള സമീപനങ്ങൾ തങ്ങൾക്കനുകൂലമാണെന്ന പ്രതീക്ഷയിലാണവർ. ഇടതുപക്ഷം, നവോത്ഥാനമൂല്യ സംരക്ഷണസമിതിയിലൂടെയും മറ്റും പിന്നാക്ക, ദളിത് പിന്തുണയിൽ പ്രതീക്ഷയർപ്പിക്കുന്നു. ശബരിമലയെ തീവ്രഹൈന്ദവവികാരമാക്കി വളർത്തിയെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നത് ന്യൂനപക്ഷങ്ങളെയടക്കം പുനർവിചാരത്തിന് പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്.