uefa-champions-league-tot
uefa champions league tottenham

മാഞ്ചസ്റ്റർ : നാലും മൂന്നുമായി ഏഴ് ഗോളുകൾ പിറന്ന മത്സരം. ഫൈനൽ വിസിലിന് തൊട്ടുമുമ്പൊരു ഗോൾ വീഡിയോ റഫറി നിഷേധിച്ച നാടകീയത. ഒടുവിൽ തോറ്റവർ എവേ ഗോളിന്റെ ആനുകൂല്യത്താൽ വിജയികളായി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് കടന്നുകയറുന്ന വിസ്മയക്കാഴ്ച.

കഴിഞ്ഞ രാത്രി മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻ ഹാമും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനെ കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആദ്യപാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിരുന്ന ടോട്ടൻ ഹാം രണ്ടാംപാദത്തിൽ 4-3 എന്ന സ്കോറിനാണ് തോറ്റത്. എന്നാൽ ആകെ ഗോൾ മാർജിൻ 4-4 എന്ന നിലയിൽ തുല്യമായിരുന്നു. മാഞ്ചസ്റ്റർസിറ്റി സ്വന്തം തട്ടകത്തിലാണ് നാലു ഗോളുകളും നേടിയത്. ടോട്ടൻഹാം അതോടെ മൂന്ന് എവേ ഗോളുകളുടെ മികവിൽ ജേതാക്കളാവുകയും ചെയ്തു.

ആദ്യപാദം

ടോട്ടൻ ഹാം 1-മാഞ്ചസ്റ്റർ സിറ്റി

രണ്ടാംപാദം

മാഞ്ചസ്റ്റർ സിറ്റി 4- ടോട്ടൻഹാം 0

ആകെ ഗോൾ മാർജിൻ 4-4

എവേ ഗോളുകൾ

ടോട്ടൻ ഹാം 3

മാഞ്ചസ്റ്റർ സിറ്റി -0

രണ്ടാം പാദ സ്കോറർമാർ

മാഞ്ചസ്റ്റർ സിറ്റി

4-ാം മിനിട്ട് - റഹിം സ്റ്റെർലിംഗ്

11-ാം മിനിട്ട് - ബെർണാഡോ സിൽവ

21-ാം മിനിട്ട് -റഹിം സ്റ്റെർലിംഗ്

59-ാം മിനിട്ട് -സെർജിയോ അഗ്യൂറോ

ടോട്ടൻ ഹാം

7-ാം മിനിട്ട് -സൺ ഹ്യൂയേംഗ് മിൻ

10-ാം മിനിട്ട് സൺ ഹ്യൂയേംഗ് മിൻ

73-ാം മിനിട്ട് -ലോറന്റെ

തുരുതുരാ ഗോളുകൾ........

കളി തുടങ്ങി 11 മിനിട്ട് തികയുമ്പോഴേക്കും സ്കോർ ബോർഡിൽ ഇരുടീമുകളും ചേർന്ന് എഴുതിച്ചേർത്തത് നാലുഗോളുകൾ. 21-ാം മിനിട്ടിൽ അഞ്ചാംഗോൾ. ആകെ സംഭവബഹുലമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിലെ ക്വാർട്ടർ ഫൈനൽ. ഇരട്ട ഗോളുകളുമായി റഹിം സ്റ്റെർലിംഗ് സിറ്റിയുടെയും സൺഹ്യൂയേംഗ് മിൻ ടോട്ടൻ ഹാമിന്റെയും സൂപ്പർ. താരങ്ങളായി അവസാന മിനിട്ടിലെ സ്റ്റെർലിംഗിന്റെ ഗോൾ ഒഫ് സൈഡ് വിളിച്ചതാണ് കളിയിൽ നിർണായകമായത്. ടോട്ടൻഹാമിന് ആദ്യപാദ ക്വാർട്ടറിൽ വിജയം നൽകിയത് കൊറിയക്കാരനായ സണിന്റെ ഗോളായിരുന്നു.

'വാർ " വിജയം

മത്സരത്തിൽ നിർണായകമായത് വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) ആണ് 73-ാം മിനിട്ടിൽ ലോറന്റെ നേടിയ ഗോൾ വീഡിയോ റഫറിയുടെ പരിശോധനയ്ക്ക് ശേഷമാണ് അംഗീകരിക്കപ്പെട്ടത്. ഇൻജുറി ടൈമിലെ സ്റ്റെർലിംഗിന്റെ ഗോളിൽ അഗ്യൂറോ ഒഫ് സൈഡാണെന്ന് വിധിച്ചതും വാർ തന്നെ.

സെമി ഫൈനൽ ഫിക്‌സ്‌ചർ

ടോട്ടൻ ഹാം Vs അയാക്‌സ്

(ആദ്യപാദം ഏപ്രിൽ 30, രണ്ടാംപാദം മേയ് 8

ബാഴ്സലോണ Vs ലിവർപൂൾ

(ആദ്യപാദം മേയ് 1, രണ്ടാംപാദം മേയ് 7)

ഫൈനൽ

ജൂൺ 7

ഇൗ മത്സരത്തിൽ തോറ്റെന്ന് കരുതി വീഡിയോ അസിസ്റ്റന്റ് റഫറിയെ കുറ്റം പറയാനില്ല. ഞാൻ സത്യസന്ധമായ ഫുട്ബാളിന്റെ വക്താവാണ്. ഇൗ തോൽവി ക്രൂരമാണ്. പക്ഷേ അത് അംഗീകരിച്ചേ മതിയാകൂ.

പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി കോച്ച്

അവിശ്വസനീയമായ വിജയം. വളരെ സന്തോഷം. വളരെ വളരെ അഭിമാനം. എന്റെ കളിക്കാരാണ് എന്റെ ഹീറോസ്. അവസാന നിമിഷം ആ ഗോൾ ഒഫ് സൈഡ് വിധിക്കുംവരെ അനുഭവിച്ച മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കാനാവില്ല.

പൊച്ചെട്ടീനോ

ടോട്ടൻഹാം കോച്ച്

57

വർഷത്തിന് ശേഷമാണ് ടോട്ടൻ ഹാാം യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്.

ചാമ്പ്യൻസ് ലീഗ് എന്ന് പേര് മാറ്റിയശേഷം ആദ്യമായി സെമിഫൈനൽ കാണുന്നു.

11മിനിട്ടിനിടെയാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ നാലുഗോളുകൾ വീണത്.

ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇത്രവേഗം നാലു ഗോളുകൾ വീഴുന്നത് ഇതാദ്യം.

2005

നുശേഷം ഇംഗ്ളണ്ടിലെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആദ്യപകുതിയിൽ അഞ്ചുഗോളുകൾ പിറക്കുന്നതും ആദ്യം.

12

ഗോളുകൾ സൺ ഹ്യൂയോംഗ് മിൻ ചാമ്പ്യൻസ് ലീഗിൽ തികച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യൻ താരമായി മാറി.

1961/62

സീസണിലാണ് ടോട്ടൻഹാം അവസാനമായി യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ സെമി ഫൈനലിലെത്തിയത്.

രണ്ടാം പാദത്തിലും തകർത്താടി

ലിവർപൂൾ സെമിയിൽ

. എഫ്.സി പോർട്ടോയെ രണ്ടാംപാദത്തിൽ

കീഴടക്കിയത് 4-1ന്.

പോർട്ടോ : എണ്ണം പറഞ്ഞ നാലുഗോളുകളുമായി പറങ്കിമണ്ണിൽ തകർത്താടിയ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലെത്തി. ആദ്യപാദത്തിൽ 2-0ത്തിന് പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെ തോൽപ്പിച്ചിരുന്ന ലിവർപൂൾ രണ്ടാംപാദത്തിൽ 4-1 നാണ് വിജയം നേടിയത്. 6-1 എന്ന ഗോൾ മാർജിനിലാണ് ഇംഗ്ളീഷ് വമ്പൻമാരുടെ അവസാന നാലിലേക്കുള്ള പ്രവേശനം.

26-ാം മിനിട്ടിൽ സാഡിയോ മാനേ, 65-ാം മിനിട്ടിൽ മുഹമ്മദ് സലാ, 77-ാംമിനിട്ടിൽ റോബർട്ടോ ഫിർമിനോ, 84-ാം മിനിട്ടിൽ വിർജിൽ വാൻഡിക്ക് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. 68-ാം മിനിട്ടിൽ എദർ മിലിറ്റാവോയാണ് പോർട്ടോയുടെ ആശ്വാസഗോൾ നേടിയത്.

. തുടർച്ചയായ രണ്ടാം സീസണിലാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്നത്.