ന്യൂഡൽഹി : മുംബയ് ഇന്ത്യൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ വിജയിക്കാൻ ഡൽഹി ക്യാപിറ്റൽസിന് വേണ്ടത് 169 റൺസ്. ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസടിച്ചത്. നായകൻ രോഹിത് ശർമ്മ (30) ക്വിന്റൺ ഡികോക് (35), സൂര്യ കുമാർ യാദവ് (26), ക്രുനാൽ പാണ്ഡ്യ (37*), ഹാർദിക് പാണ്ഡ്യ (32) എന്നിവരുടെ ബാറ്റിംഗാണ് മുംബയ്യെ ഈ സ്കോറിലെത്തിച്ചത്.
രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കും ആദ്യ ആറോവറിൽ 57 റൺസടിച്ചു കൂട്ടിയശേഷമാണ് പിരിഞ്ഞത്.
22 പന്തുകളിൽ ഒരു സിക്സും മൂന്ന് ഫോറുകളുമടക്കം 30 റൺസ് നേടിയ രോഹിതിനെ ഏഴാം ഓവറിൽ ബൗൾഡാക്കി അമിത് മിശ്രയാണ് ഡൽഹിക്ക് ആദ്യ ബ്രേക്ക് നൽകിയത്. തുടർന്നിറങ്ങിയ ബെൻ കട്ടിംഗിംനെ (2) അടുത്ത ഓവറിൽ അക്ഷർ പട്ടേൽ എൽ.ബിയിൽ കുരുക്കി മടക്കി.
10-ാം ഓവറിലാണ് ഡികോക്ക് റൺ ഔട്ടായത്. തുടർന്ന് സൂര്യകുമാർ യാദവും (26) ക്രുനാൽ പാണ്ഡ്യയും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചു. ആദ്യ 15 ഓവറുകൾ പിന്നിടുമ്പോൾ 104/3 എന്ന നിലയിലായിരുന്നു മുംബയ്.
16-ാം ഓവറിന്റെ ആദ്യപന്തിൽ റബാദ സൂര്യകുമാറിനെ പുറത്താക്കി അടുത്ത പ്രഹരമേൽപ്പിച്ചു. തുടർന്ന് ഹാർദിക് പാണ്ഡ്യ സഹോദരൻ ക്രുനാലിനൊപ്പം ക്രീസിലൊരുമിച്ച് സ്കോറുയർത്തി.