modi

തിരുവനന്തപുരം: എൻ. ഡി. എ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസത്തിന് ഭരണഘടനാ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി. വിശ്വാസവും ആചാരവും സംരക്ഷിക്കാൻ കോടതി മുതൽ പാർലമെന്റ് വരെ ന‌ടപടികളെടുക്കുമെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ വിജയസങ്കൽപ റാലിയിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രണ്ടാമത്തെ പ്രചാരണപരിപാടിയിലും ശബരിമല എന്ന വാക്ക് പരാമർശിക്കാതെയാണ് മോദി വിശ്വാസത്തെ പറ്റി സംസാരിച്ചത്.

കേരളത്തിൽ ദൈവത്തിന്റെ പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്റെ പേര് പറഞ്ഞാൽ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിലിടും. ലാത്തിച്ചാർജ് നടത്തും.മേയ് 23 - ന് ശേഷം വീണ്ടും മോദി സർക്കാർ രൂപീകരിക്കുമ്പോൾ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കോടതി മുതൽ പാർലമെന്റ് വരെ പോരാടും. അതിന് ഭരണഘടനാപരമായ പിന്തുണ നൽകും. ബിജെപിയുടെ നിലപാട് കൃത്യമാണ്. കോൺഗ്രസിന് കൃത്യമായ നിലപാടില്ലെന്ന് മാത്രമല്ല, ഇരട്ടത്താപ്പുമാണ്. കേരളത്തിൽ ഒരു നിലപാട്, ഡൽഹിയിൽ വേറൊരു നിലപാട്. ആചാരങ്ങൾ തകർക്കുന്നത് കേരളത്തിന്റെ സംസ്‌ക്കാരമല്ല.

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മോദി

രാഹുൽഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് മോദി വെല്ലുവിളിച്ചു. കേരളത്തിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ സന്ദേശം നൽകാനാണെന്നാണ് രാഹുൽ പറയുന്നത്. തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തു കൂടേ, പത്തനംതിട്ടയിൽ മത്സരിച്ചാലും സന്ദേശം നൽകാം. അതിന് അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്ന് മോദി ചോദിച്ചു. അമേതിയിൽ രാഹുൽഗാന്ധി നടത്തിയ വികസനം നിങ്ങൾക്ക് മൊബൈൽ ഫോണിലെ ഇന്റർനെറ്റിൽ നോക്കിയാലറിയാം.'ഇവിടെ തമ്മിൽ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ഡൽഹിയിൽ എത്തിയാൽ ഒന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. കേരളത്തിൽ ഗുസ്തി, ഡൽഹിയിൽ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. ഇത് യോജിപ്പിന്റെ സന്ദേശം നൽകുന്ന രാഷ്ട്രീയമല്ല, പ്രീണനരാഷ്ട്രീയമാണ്. മോദി പരിഹസിച്ചു.

മുഖ്യമന്ത്രി ലാവ്‌ലിൻ അഴിമതി ആരോപിതൻ

ലാവലിൻ അഴിമതിയാരോപണത്തിന്റെ നിഴലിൽ നിൽക്കുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മോദി വിമർശിച്ചു. മറ്റ് മന്ത്രിമാർക്കെതിരെയും അഴിമതിയാരോപണങ്ങളുണ്ട്. കേരളത്തിന് ലഭിച്ച പ്രളയ സഹായം പോലും സർക്കാർ തട്ടിയെടുത്തു. പ്രളയത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ഇത്രയും കഴിവില്ലാത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. പ്രളയത്തിൽ ജീവൻ വകവെയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളാണ് യഥാർത്ഥ ചൗക്കിദാർ - പ്രധാനമന്ത്രി പറഞ്ഞു.

നമ്പിനാരായണനോട് കോൺഗ്രസ് ചെയ്തത് ക്ഷമിക്കാനാവില്ല.

രാജ്യം ആദരിക്കുന്ന ശാസ്ത്രജ്ഞൻ നമ്പിനാരായണനോട് അന്നത്തെ കോൺഗ്രസ് സർക്കാർ ചെയ്‌തത് ക്ഷമിക്കാനാവില്ല. നമ്പിനാരായണൻ അനുഭവിച്ചതിന് പകരം വയ്‌ക്കാൻ നമുക്കാകില്ല. അദ്ദേഹത്തെയാണ് ഇപ്പോൾ ആദരിച്ചത്.

ഇന്ന് നമുക്ക് കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തും സംരക്ഷണമുണ്ട്. മൊബൈൽ തൊട്ട് മിസൈൽ വരെയുള്ള എല്ലാ സാങ്കേതിക വിദ്യയും ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കാം. ബഹിരാകാശത്ത് നിന്ന് ഛിദ്രശക്തികൾ നമ്മളെ ആക്രമിച്ചാൽ എന്ത് ചെയ്യുമെന്നത് പ്രശ്നമാണ്. ഈ ഭീഷണിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ

നമ്മുടെ ശാസ്ത്രജ്ഞൻമാർക്ക് ഇന്ത്യയുടെ ചൗകീദാർ എല്ലാ അധികാരങ്ങളും നൽകി. ഇത് മുമ്പും നടത്താമായിരുന്നു. പക്ഷേ പഴയ സർക്കാരിന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. കുടുംബാധിപത്യ സർക്കാരും ദേശീയവാദികളുടെ സർക്കാരും തമ്മിലുള്ള വ്യത്യാസമിതാണ്.

രണ്ടുമണിക്കൂർ വൈകിയാണ് മോദി എത്തിയത്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെയും ആറ്റിങ്ങലിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെയും മോദി പരിചയപ്പെടുത്തി. സ്വാതിതിരുനാൾ, ശ്രീനാരായണഗുരു, അയ്യവൈകുണ്ഠസ്വാമി എന്നിവരെ അനുസ്മരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്.