തിരുവനന്തപുരം: അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്കാരം കേരളത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മഹത്തായ സംസ്കാരത്തിന് എതിരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കമ്യൂണിസ്റ്ര്, കോൺഗ്രസ് അക്രമത്തിൽ നിരവധി ബി.ജെ.പി പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. അവരുടെ സഹനത്തിന് ഒരുനാൾ ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കും. പ്രസാദ് യോജനയിലൂടെ ടൂറിസം മേഖലയുടെ വികനസത്തിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം വളരെ ശക്തമായിട്ടുണ്ട്. ഇത് മലയാളികൾക്ക് പ്രയോജനം ചെയ്യുമെന്നും മോദി പറഞ്ഞു.ചടങ്ങിന് സ്വാഗതം പറഞ്ഞ ടി.പി.സെൻകുമാർ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് തൊടുത്തത്. കേരളത്തിൽ ഇപ്പോൾ ഹിരണ്യകശിപുവിന്റെ ഭരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഊരിപ്പിടിച്ച വാളിന് കീഴിലൂടെ നടന്നിട്ടുണ്ടെന്ന് വീമ്പുപറഞ്ഞ മുഖ്യമന്ത്രി ഓഖി ദുരന്തസമയത്ത് ഊരിപ്പിടിച്ച പങ്കായങ്ങൾക്ക് അടിയിലൂടെ ഓടി കാറിൽ കയറുന്നതാണ് കണ്ടതെന്നും സെൻകുമാർ പറഞ്ഞു.കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് വൈ.സത്യകുമാർ,എൻ.ഡി.എയുടെ വിവിധ കക്ഷിനേതാക്കളായ കെ.എ.ബാഹുലേയൻ, സോമശേഖരൻ, ഭുവനചന്ദ്രൻ, എം.എസ്.മണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.