കോട്ടയം: വ്യാപാരിയുടെ മുഖത്ത് മുളകുപൊടി വിതറി പണം കവർന്ന സംഭവത്തിൽ അറസ്റ്റിലായവർ കൂടുതൽ കേസുകളിലെ പ്രതികളെന്ന് സൂചന. ഓമല്ലൂർ പുത്തൻപീടിക പറയനാലി മടുക്കുവേലിൽ ജിജോമോൻ ജോജി (18), കരിമ്പനാക്കുഴിയിൽ ബിപിൻ (24) എന്നിവരെയാണ് എസ്.പി ജി. ജയദേവ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പിടികൂടിയത്. വ്യാപാരികളെയാണ് സംഘം സ്ഥിരമായി ആക്രമിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഓഫീസിന് എതിർവശത്ത് പെട്ടിക്കട നടത്തുന്ന മണിലാലിനെ ആക്രമിച്ച കേസിലാണ് സംഘം പിടിയിലായത്. കടപൂട്ടി വീട്ടിലേക്ക് പോകാനിറങ്ങിയ മണിലാലിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ച് കൈയിലുണ്ടായിരുന്ന 8000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഇതിനിടെ ഓമല്ലൂരിന് സമീപം ഒരു വർക്‌ഷോപ്പിലെ തൊഴിലാളിയേയും രണ്ടംഗസംഘം കൊള്ളയടിച്ചിരുന്നു. ഇയാളുടെ മൊബൈലും കവർന്നിരുന്നു. ഈ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവൻ, സി.ഐ ബിനു വർഗീസ്, എ.എസ്.ഐ സുരേഷ് ബാബു, ഷാഡോ പൊലീസ് എസ്.ഐ ആർ.എസ് രഞ്ജു, എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ കെ.വി വിനോദ്, എൽ.ടി ലിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.