കൊച്ചി: കേരള സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് അടിച്ചു മാറ്റി പണം തട്ടാൻ ശ്രമിച്ച കേസിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മലപ്പുറം എടക്കര ചരടികുത്തു വീട്ടിൽ സമദ് (45) മലപ്പുറം പോത്തുകല്ലു വെളുമ്പിയം പാടം കല്ലുവളപ്പിൽ വീട്ടിൽ മിഗ്ദാദ് ( 39) എന്നിവരാണ് അഴിക്കുള്ളിലായത്. ഏറ്റുമാനൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്കാണ് ഒന്നാം സമ്മാനം അടിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ഇയാളെ ഏജന്റിന് അറിയാമായിരുന്നു. പൈസ കിട്ടാൻ എന്ത് ചെയ്യണമെന്ന് ഇയാൾ ഹോട്ടൽ ഉടമയോട് ചോദിച്ചു. തുടർന്ന് ഹോട്ടൽ ഉടമയും അസംകാരനും കൂടി തൊട്ടടുത്ത ബാങ്കിൽ പോയി മാനേജരോട് വിവരങ്ങൾ തിരക്കിയപ്പോൾ അക്കൗണ്ട് തുടങ്ങാൻ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു.
ആധാർ കാർഡ് ഇല്ലാതിരുന്നതിനാൽ മറ്റു വഴി നോക്കാമെന്ന് കരുതിയിരിക്കുമ്പോൾ ഹോട്ടലിലേക്ക് അപ്പം വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശി മിഗ്ദാദ് ഹോട്ടൽ ഉടമയിൽ നിന്നും വിവരം അറിഞ്ഞ് അസംകാരനെയും കൂട്ടി എറണാകുളം കച്ചേരിപ്പടിയിലെ ബാങ്കിൽ എത്തി മാനേജരോടു സംസാരിച്ചു. ലോട്ടറി ഇയാൾ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് മിഗ്ദാദ് മുങ്ങുകയായിരുന്നു. മിഗ്ദാദും സുഹൃത്തായ സമദും കൂടി എടക്കരയിലെ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി ലോട്ടറി അവിടെ ഏൽപ്പിക്കുകയായിരുന്നു. കേസായതോടെ രണ്ടുപേരും ഒളിവിൽ പോയി. മിഗ്ദാദ് പിന്നീട് കോടതിയിൽ കീഴടങ്ങി. പൊലീസ് അറിയിച്ചതിനെ തുടർന്ന് അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച ശേഷം കോടതി നിർദേശ പ്രകാരം യഥാർത്ഥ ഉടമയ്ക്ക് ഇനി ലോട്ടറി ടിക്കറ്റ് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.