കൊല്ലം: മദ്യ ലഹരിയിലെത്തിയ ഭർത്താവ് വീട്ടമ്മയെ തീ കൊളുത്തി കൊന്നു. കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായയാണ് (42) കൊല്ലപ്പെട്ടത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് ഭർത്താവ് രാജൻ മായയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ മായയെ ഉടൻ കൊട്ടാരക്കര ആശുപത്രിയിെലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി ഏഴോടെ മരിച്ചു. ഇലക്ട്രീഷ്യനായ രാജൻ മിക്ക ദിവസങ്ങളിലും മദ്യലഹരിയിൽ മായയുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് മകൾ പൊലീസിന് മൊഴി നൽകി. ബുധനാഴ്‌ച നടന്ന വഴക്കും സാധാരണ സംഭവമായിരിക്കുമെന്ന് കരുതി പൂജാമുറിയിലായിരുന്ന മകൾ ഇറങ്ങിവന്നില്ല. മൂത്ത മകൻ ഇലക്‌ട്രിക്കൽ ജോലിയുമായി ബന്ധപ്പെട്ട് ഇടുക്കിയിലായിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ രാജൻ ബുധനാഴ്‌ച രാത്രി തന്നെ കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. മായ കശുഅണ്ടി തൊഴിലാളിയായിരുന്നു.