crime

കഴക്കൂട്ടം: വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് പരിക്കേറ്റെന്നപേരിൽ ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്റെ മരണം കൊലപാതകം. അച്ഛനെ തലയ്ക്കടിച്ച് കൊന്ന കേസിൽ , കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേനംകുളം കളിയിൽ പഴയ വീട്ടിൽ രാജ്കുമാറാണ് (55) മരിച്ചത്. മകൻ ഉണ്ണിക്കുട്ടനെയാണ്(25)​ കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ലഹരിയിലായിരുന്ന ഉണ്ണിക്കുട്ടൻ വീട്ടുവഴക്കിനിടെ രാജ് കുമാറിനെ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.മേസ്തിരിപ്പണിക്കാരനാണ് രാജ്കുമാർ. ചൊവാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാംനിലയിലാരുന്ന രാജ്കുമാർ താഴേക്ക് വീണ് തലയ്ക്കും കൈകാലുകൾ ഗുരുതര പരിക്കേറ്റെന്ന് പറഞ്ഞ് ഭാര്യ ജയശ്രീയും മകനും ചേർന്ന് ഓട്ടോറിക്ഷയിൽ മെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു. വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവിൽ അബോധവസ്ഥയിലായിരുന്ന രാജ്കുമാറിനെ കഴിഞ്ഞദിവസം രാവിലെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതര പരിക്കേറ്റ രാജ്കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സഹായം തേടുകയോ,​സംഭവം അയൽവാസികളെയോ ബന്ധുക്കളെയോ അറിയിക്കുകയോ ചെയ്തിരുന്നില്ല. രാജ്കുമാറിനെ മെഡിക്കൽകോളേജിൽ അഡ്മിറ്റാക്കിയിട്ട് മകൻ ഉണ്ണിക്കുട്ടൻ ബന്ധുവീട്ടിൽ പൈസയ്ക്കെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാജ് കുമാറിനെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരാണ് സംഭവം കൊലപാതകമാണെന്ന് പൊലീസിന് സൂചന നൽകിയത്. തുടർന്ന് ഉണ്ണിക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രണ്ടുവർഷം മുമ്പ് ഉണ്ണികുട്ടൻ രാജ്കുമാറിനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അച്ഛനെ മകൻ നിരന്തരമായി മർദ്ദിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. 2017മാർച്ചിൽ മേനംകുളം ദേശസേവിനി ബാലവാടിക്കുസമീപം ചന്ദ്രത്ത് വീട്ടിൽ സന്തോഷിനെ (35)​ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഉണ്ണിക്കുട്ടൻ. മേനംകുളം കുരിശടിക്ക് സമീപത്തുവച്ച് സ്‌കൂൾ വീട്ടുവന്ന വിദ്യാർത്ഥിനികളെ തടഞ്ഞുനിർത്തി അപമാനിച്ച കേസിലും. മേനംകുളത്ത് വച്ച് ജോൺ എന്നയാളിന്റെ കാർ അടിച്ചുപൊട്ടിച്ച കേസിലും പ്രതിയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ഉണ്ണിക്കുട്ടൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.