ആലുവ /കൊച്ചി : മാതാവിന്റെ ക്രൂരമർദനമേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസുകാരൻ എല്ലാവരെയും കണ്ണീരിലാഴ്ത്തി പീഡനമില്ലാത്ത ലോകത്തേക്ക് മടങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ഇ.സി.ജി പരിശോധിച്ച ശേഷം ഡോ. വിപിൻ ജോസാണ് മരണം സ്ഥിരീകരിച്ചത്. തലച്ചോറിന്റെ വലത് ഭാഗത്ത് ഏറ്റ പരിക്കാണ് മരണ കാരണം. ബുധനാഴ്ച വൈകിട്ടാണ് കുട്ടിയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവിന്റെ കൈയ്യിൽ നിന്നും അബദ്ധത്തിൽ വീണതാണെന്ന് പറഞ്ഞ് ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മാതാവിനൊപ്പം താമസിക്കുന്ന യുവാവാണ് കുട്ടിയെ എത്തിച്ചത്.
പ്രാഥമിക പരിശോധനയിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായതിനെ തുടർന്നാണ് പൊലീസ് നിർദ്ദേശപ്രകാരം രാജഗിരിയിലേക്ക് മാറ്റിയത്. ഇവിടെ മസ്തിഷ്‌കത്തിലെ രക്തസ്രാവം ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കി. തുടർന്ന് രക്തസ്രാവം നിയന്ത്രിച്ചെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. തലച്ചോറിലെ വലതു ഭാഗത്തേറ്റ പരിക്കാണ് ഏറെ ഗുരുതരമായത്.
തലച്ചോറിന്റെ പ്രവർത്തനവും സൂഷ്മ നിരീക്ഷണത്തിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങൾ ഏകോപിച്ചായിരുന്നു ചികിത്സ. കുട്ടിയുടെ ചികിത്സ ചെലവ് സാമൂഹ്യ ക്ഷേമവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ശൈലജ ടീച്ചർ വ്യക്തമാക്കിയിരുന്നു. തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് ഏഴ് വയസുകാരൻ മരിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ രണ്ടാമത്തെ ദുരന്തം പുറത്തുവരുന്നത്.
ഡി.എൻ.എ പരിശോധിക്കും
അമ്മയുടെ ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കും. പ്രാഥമിക അന്വേഷണത്തിൽ കുട്ടി ഇവരുടേതല്ലെന്ന് സംശയം ഉയർന്നതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ജാർഖണ്ഡ് പൊലീസിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ജാർഖണ്ഡ് സ്വദേശി കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തെളിവുകൾ ശേഖരിച്ച ശേഷം അച്ഛന്റെ അറസ്റ്റുണ്ടാവുമെന്ന് ഡി.സി.പി. ഫ്ലാഷിനോട് പറഞ്ഞു. കുഞ്ഞിന് മർദനമേറ്റസമയത്ത് താൻ ഉറക്കമായിരുന്നെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിന് ശേഷം മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. ഇവരെ ഇന്നലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ രാവിലെ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കും.