കുഴിത്തുറ: കന്യാകുമാരി ഭൂതപ്പാണ്ടിക്കുസമീപം അരുമാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തിനടുത്ത് ബി.ജെ.പി - അമ്മ മക്കൾ മുന്നേറ്റകഴകം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 5 ബി.ജെ.പിക്കാർക്ക് കുത്തേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പോളിംഗ് ബൂത്തിനടുത്തുവച്ച് അമ്മ മക്കൾ മുന്നേറ്റകഴകം പ്രവർത്തകരും ബി.ജെ.പിക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു. എന്നാൽ, വൈകിട്ട് അമ്മ മക്കൾ മുന്നേറ്റകഴകത്തിലെ 15 പേർ, പോളിംഗ് ബൂത്തിനടുത്തുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരായ മണികണ്ഠൻ (21), സതീഷ് കുമാർ (28), പഴനിയപ്പൻ (34), പരമേശ്വരൻ (25), ശരവണൻ എന്നിവരെ ആക്രമിക്കുകയായിരുന്നു. കമ്പിയും കത്തിയും കൊണ്ടായിരുന്നു ആക്രമണം. ബഹളംകേട്ട് പോളിംഗ് ബൂത്തിൽനിന്ന് പൊലീസുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. കുത്തേറ്റവരെ ഭൂതപ്പാണ്ടി ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മണികണ്ഠൻ, സതീഷ് കുമാർ, ശരവണൻ എന്നിവരെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വേണ്ട നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഏഴ് പേ‌ർക്കെതിരെ കേസെടുത്തു.