good-friday

തിരുവനന്തപുരം: ക്രിസ്തുവിന്റെ കുരിശുമരണത്തെയും ത്യാഗത്തെയും സ്മരിച്ചുകൊണ്ട് നാടെങ്ങുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽ തന്നെ കുരിശുമരണത്തിന്റെ സ്മരണ നിറയുന്ന പ്രത്യേക തിരുകർമങ്ങളും പ്രാർത്ഥനകളും നടന്നു. ആചാരങ്ങളുടെ ഭാഗമായി നടന്ന ആത്മസമർപ്പണത്തിന്റെ പാതയിൽ കുരിശിന്റെ വഴിക്ക് വിവിധ സഭാദ്ധ്യക്ഷൻമാർ നേതൃത്വം നൽകി.

രാവിലെ 6.45ന് സംയുക്ത കുരിശിന്റെ വഴി പാളയം കത്തീഡ്രലിൽ നിന്നാരംഭിച്ച് ഫ്ലൈ ഓവർ വഴി തിരിച്ചെത്തി പള്ളിയിൽ സമാപിച്ചു. പാളയം പള്ളിയിൽ നടന്ന ദുഃഖവെള്ളി ചടങ്ങുകളിൽ മലങ്കര കത്തോലിക്കാ സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർ ക്ലീമിസ് ബാവ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം എന്നിവർ നേതൃത്വം നൽകി. പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിലും നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലും രാവിലെ 8 ന് ദുഃഖവെള്ളി ശുശ്രൂഷ നടത്തി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ പീഡസഹനാനുസ്മരണ തിരുകർമ്മങ്ങൾ നടന്നു. പേരൂർക്കട എബനേസർ മാർത്തോമാ പള്ളിയിൽ നടന്ന ആരാധനയ്‌ക്ക് ബിഷപ്പ് ജോസഫ് മാർ ബർണബാസ് നേതൃത്വം നൽകി.

ഉപവാസവും കുരിശിന്റെ വഴിയും ദീപക്കാഴ്ചയും നേർച്ചക്കഞ്ഞി വിതരണവുമുൾപ്പെടെയുള്ള ചടങ്ങുകളാൽ ദേവാലയങ്ങൾ ഭക്തിസാന്ദ്രമായി. പീഡാനുഭവ വായന, പരിഹാരപ്രദക്ഷിണം തുടങ്ങിയവയും നടന്നു. രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ചതോടെ ദുഃഖവെള്ളി ദിനത്തിലെ ചടങ്ങുകൾ അവസാനിച്ചു.