തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷ സാദ്ധ്യതകളും കണക്കിലെടുത്ത് ഇത്തവണ സംസ്ഥാനത്ത് വോട്ടെടുപ്പിന് മുമ്പെങ്ങുമില്ലാത്ത സുരക്ഷ. സംസ്ഥാന പൊലീസിനെ കൂടാതെ എക്സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, ഹോംഗാർഡ്, സ്പെഷ്യൽ പൊലീസ് എന്നിവയുൾപ്പെടെ 53,500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ 55 കമ്പനി കേന്ദ്ര സായുധ സേനയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി 3000 പൊലീസുദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി എത്തിയിട്ടുണ്ട്.
സായുധ ബറ്റാലിയനുകൾ കേന്ദ്രീകരിച്ച് ജില്ലാ അടിസ്ഥാനത്തിലും പൊലീസ് സബ്ഡിവിഷനുകൾ കേന്ദ്രീകരിച്ചും സ്ട്രൈക്കിംഗ് ഫോഴ്സും രംഗത്തുണ്ടാകും. ഇന്ന് മുതൽ 24 വരെയാണ് ഇവരുടെ ഡ്യൂട്ടി. സംസ്ഥാനത്തെ 817 പോളിംഗ് ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 162 ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ്. മാവോയിസ്റ്റ് - നക്സൽ സാന്നിദ്ധ്യമുള്ള മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട് റൂറൽ പൊലീസ് ജില്ലകളിൽ കേന്ദ്രസേനയാണ് സുരക്ഷാ ചുമതല നിർവഹിക്കുക.
ഏത് സാഹചര്യവും നേരിടാൻ തയാറായി പത്ത് കമ്പനിയോളം സായുധ സേന ഉത്തര, ദക്ഷിണ, മദ്ധ്യ മേഖലകളിലായി സദാ സജ്ജമായിരിക്കും. പൊലീസും മാവോവാദികളും രണ്ടുതവണ ഏറ്റുമുട്ടിയ വയനാട്ടിൽ അതീവ ജാഗ്രത പുലർത്തും. ഇന്നും നാളെയുമായി വനമേഖലകളിലുൾപ്പെടെ ബോംബ്, മൈൻ ഡിറ്റക്ഷൻ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പ്രശ്നബാധിത മേഖലകളിലും പോളിംഗ് സ്റ്റേഷനുകളിലും പ്രത്യേക തെരച്ചിൽ നടത്തും. മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ വൈത്തിരിയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ പല ബൂത്തുകളിലും സായുധ സേനയുടെ സാന്നിദ്ധ്യമുണ്ടാകും. മാവോയിസ്റ്റുകൾ ബൂത്ത് ആക്രമിക്കാനും സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോകാനും സാദ്ധ്യതയുള്ളതായ ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സേന.
പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലകളിലും സുരക്ഷയ്ക്കായി സായുധരായ സൈനിക വിഭാഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ബൂത്ത് പിടിത്തവും കള്ളവോട്ടും നടക്കാൻ സാദ്ധ്യതയുള്ള ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും. കണ്ണൂരിലെ 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്നബാധിത ബൂത്തുകളാണ്. 611 എണ്ണം പ്രശ്ന സാദ്ധ്യതാ ബൂത്തുകളും. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലയിലാണ്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കും. കള്ളവോട്ട് തടയാൻ ശക്തമായ കരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കണ്ണൂരിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.
കാമറാ നിരീക്ഷണം
തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ മേൽനോട്ടത്തിൽ വിലയിരുത്തി വരികയാണ്. കേന്ദ്രസേനയ്ക്ക് പുറമേ സംസ്ഥാനത്തെ സായുധ സേനയായ തണ്ടർബോൾട്ട്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയും സുരക്ഷയൊരുക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാരും ജില്ലാ പൊലീസ് മേധാവികളുമായും ആശയവിനിമയം നടത്തി സുരക്ഷാ വിലയിരുത്തൽ നടത്തും. ബൂത്തുകൾ നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കാമറ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പൊലീസ് പട്രോളിംഗ് വാഹനങ്ങളിലും കാമറ പ്രവർത്തിപ്പിക്കും. അക്രമങ്ങൾ തടയാൻ നിരീക്ഷണത്തിനൊപ്പം ആവശ്യമെന്ന് കണ്ടാൽ കരുതൽ അറസ്റ്ര് ഉൾപ്പെടെയുളള നടപടികളും കൈക്കൊള്ളുമെന്ന് പൊലീസ് വ്യക്തമാക്കി.