തിരുവനന്തപുരം: വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം ഇളകിമറിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ വരവാണ് ഇക്കുറി കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂടിന്റെ ഗ്രാഫ് വല്ലാതെ ഉയർത്തിയത്. വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോടെ കേരളം ദേശീയതലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമായി മാറി. ദേശീയ നേതാക്കളുടെ വലിയ പടതന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തി. നേതാക്കളുടെ വാക്കുകൾ സംസ്ഥാനത്തിന് പുറത്തും വലിയ ചർച്ചാവിഷയമായി.
നാളെ വൈകിട്ട് പരസ്യ പ്രചാരണം അവസാനിക്കും. അടുത്തദിവസം നിശബ്ദ പ്രചാരണം. അതിനടുത്ത ദിവസം കേരളം പോളിംഗ് ബൂത്തിലേക്ക്. കേരളം ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. സർവേ ഫലങ്ങൾ പലതും വന്നുപോയെങ്കിലും ആർക്കൊപ്പമാവും കേരളം എന്നറിയാൻ വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുവരെ കാത്തിരിക്കേണ്ടിവരും. ചില മണ്ഡലങ്ങളെങ്കിലും ഫോട്ടോ ഫിനിഷിലേക്ക് നീളുമെന്ന് ഉറപ്പ്.
ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളാണ് ദേശീയ നേതാക്കൾ മുതൽ പ്രചാരണത്തിൽ ഉയർത്തുന്നത്. അവസാന റൗണ്ടിൽ ശബരിമല വിഷയവും പ്രധാന ചർച്ചയായി ഉയർന്നുവന്നിട്ടുണ്ട്. ഇന്നുംനാളെയും പ്രചാരണത്തിന് കൊടുംചൂടായിരിക്കും. ദേശീയ നേതാക്കളിൽ പലരും ഇന്നുംനാളെയുമായി വിവിധ മണ്ഡലങ്ങളിൽ എത്തുന്നുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ , എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി തുടങ്ങിയവരൊക്കെ കൂട്ടത്തിലുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി ഇന്നും നാളെയും പ്രചാരണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടം സംസ്ഥാനത്തെത്തിയിരുന്നു. വയനാട്ടിലെ സ്ഥാനാർത്ഥി കൂടിയായ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, എന്നിവരും വിവിധ സ്ഥലങ്ങളിൽ പ്രചാരണത്തിനിറങ്ങി.
നിർണായകം മൂന്ന് മുന്നണികൾക്കും
ദേശീയ രാഷ്ട്രീയത്തിലെന്നപോലെ സംസ്ഥാന രാഷ്ട്രീയത്തിലും മൂന്നു മുന്നണികൾക്കും ഇത് നിർണായകമായ തിരഞ്ഞെടുപ്പാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരത്തിലേക്ക് തിരിച്ചുവരണമെങ്കിൽ കേരളത്തിൽ നിന്ന് കിട്ടുന്ന സീറ്രുകൾ നിർണായകമാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് 20 മണ്ഡലങ്ങളും നേടാൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. ന്യൂനപക്ഷ ഏകീകരണവും അവർ പ്രതീക്ഷിക്കുന്നു.
രാഹുലിന്റെ സ്ഥാനാർത്ഥിത്വവും ഏറെ ചർച്ചയായി. ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ വിശാലമായ കൂട്ടുകെട്ടിന് ശ്രമിക്കുമ്പോൾ ഇവിടെ രാഹുൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്തിന് എന്ന ചോദ്യമായിരുന്നു ഉയർന്നുവന്നത്. എന്നാൽ, കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലാകെ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യമാണ് അതിന് പിന്നിലെന്ന് കോൺഗ്രസ് മറുപടി നൽകുകയും ചെയ്തു.
ഇടതുപക്ഷമാകട്ടെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർക്കുകയാണ്. ദേശീയ തലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ അതിനായി വിട്ടുവീഴ്ച ചെയ്യാൻ എൽ.ഡി.എഫ് തയാറല്ല. ഇവിടെ ബി.ജെ.പി മുഖ്യ എതിരാളിയല്ല എന്നതാണ് പ്രധാന കാരണം. മാത്രമല്ല, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാര്യമായ പ്രതീക്ഷ ഇല്ലാത്തതിനാൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ ഇടതുപക്ഷത്തിന് നേടുകയും വേണം. ശബരിമല വിഷയത്തിലെ അടിയൊഴുക്കിൽ പ്രതീക്ഷയർപ്പിക്കുകയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ. തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലുമൊക്കെ വിജയപ്രതീക്ഷയിലാണ് മുന്നണി.
തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലെ വാവിട്ട വാക്കുകളും പ്രചാരണ വീഡിയോയുമൊക്കെ അവസാനഘട്ടത്തിൽ വിവാദങ്ങളായി കത്തിപ്പടർന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, കോൺഗ്രസ് നേതാവും കണ്ണൂരിലെ സ്ഥാനാർത്ഥിയുമായ കെ.സുധാകരൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തുടങ്ങിയവർക്കെതിരെ പരാതി ഉയർന്നത് ഈ വഴിക്കാണ്.