അമ്മയുടെ അതിക്രൂര മർദ്ദനമേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇതര സംസ്ഥാനക്കാരനായ മൂന്നുവയസുകാരൻ ഇന്നലെ മരണത്തിനു കീഴടങ്ങിയ സംഭവം, കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നു എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ്.
അമ്മയുടെ കൈയിൽ നിന്ന് താഴെ വീണെന്ന് കള്ളം പറഞ്ഞായിരുന്നു കുട്ടിയെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുഞ്ഞിന്റെ തലയോട്ടിയിൽ പൊട്ടലും ദേഹമാസകലം മർദ്ദനമേറ്റതിന്റെ പാടും കണ്ട ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചു. ചപ്പാത്തി പരത്തുന്ന തടി കൊണ്ട് കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നത്രെ. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ഏഴുവയസുകാരൻ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ സംഭവം. ആ ബാലന്റെ മരണത്തിനു കാരണമായതും തലയ്ക്കേറ്റ ക്ഷതമായിരുന്നു.
കുഞ്ഞുങ്ങളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നവരാണ് മഹാഭൂരിപക്ഷമെങ്കിലും ചെറിയൊരു വിഭാഗം അങ്ങനെയല്ല പെരുമാറുന്നത്.അക്കൂട്ടരുടെ എണ്ണം അടുത്തിടെയായി കൂടിവരുന്നു എന്നത് കാണാതിരിക്കാനാവില്ല. വീടുകൾ കുട്ടികൾക്കു ജയിലറകളായി മാറുന്ന അവസ്ഥ സംഭ്രമജനകമാണ്. ഇത് കൂടാതെയാണ് പുറമേയുള്ളവരുടെ അതിക്രമങ്ങൾ. എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് ആക്രമിച്ച സംഭവം നടന്നിട്ടും അധിക നാളായിട്ടില്ല.
അമ്മ അടിച്ചാലും അച്ഛൻ അടിച്ചാലും കുട്ടിക്ക് നോവും. ദേഷ്യം കൂടുമ്പോൾ അടിയുടെ ശക്തി കൂടും. മാരകമാവുകയും ചെയ്യും. തല്ലുകൾ മനസിൽ സൃഷ്ടിക്കുന്ന മുറിവുകളെല്ലാം പിന്നീടുള്ള തലോടലുകളിൽ ഉണങ്ങണമെന്നില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. മാതാപിതാക്കളുടെ അധിക്ഷേപ വാക്കുകൾ കുട്ടിയുടെ സ്വയം മതിപ്പും ആത്മവിശ്വാസവും തകരാനേ ഇടയാക്കുകയുള്ളൂ. കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കണമെന്ന സ്നേഹത്തിലാകാം ഇങ്ങനെയൊക്കെ ചെയ്യുന്നത്. പക്ഷേ അതുണ്ടാക്കുന്ന ദൂഷ്യം ചിന്തിക്കുന്നതിനപ്പുറമാണ്.
2013 ൽ ഇടുക്കിയിൽ അച്ഛനും രണ്ടാനമ്മയും കൂടി അഞ്ചുവയസുകാരനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് സാമൂഹികനീതി വകുപ്പ് ഒരു കമ്മിറ്റി രൂപീകരിക്കുകയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ മാർഗങ്ങൾ ആരായുകയും ചെയ്തിരുന്നു. ആ പഠനപ്രകാരം 12 ലക്ഷത്തോളം കുട്ടികൾ കുടുംബങ്ങളിൽ അരക്ഷിതരാണെന്നും, മുപ്പതിനായിരത്തിലധികം കുടുംബങ്ങളിൽ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണ് കുട്ടികളെ നോക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഒരു ലക്ഷത്തോളം കുടുംബങ്ങളിൽ രക്ഷിതാക്കളിലൊരാൾ മദ്യത്തിനടിമയാണ്. ഏഴുവയസുകാരൻ ഈയിടെ മരണമടഞ്ഞ സംഭവത്തിൽ അമ്മയുടെ എൻജിനിയറിംഗ് ബിരുദധാരിയായ കൂട്ടുകാരനായിരുന്നു വില്ലൻ. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ലഹരിയിൽ ആ നരാധമൻ ആ ബാലനെ വലിച്ചെറിയുകയായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്ന കുടുംബങ്ങളിലും ബാലപീഡനം നടന്നുവരുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു ആ സംഭവം. ഇതിനൊക്കെ പുറമെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും കൂടിവരികയാണ്. കുട്ടികളുടെ അശ്ളീല ചിത്രങ്ങളെടുത്ത് വിദേശങ്ങളിലെ വെബ്സൈറ്റുകൾക്ക് വിൽക്കുന്ന 25 അംഗ സംഘത്തെ അടുത്തിടെ സംസ്ഥാനത്ത് പിടികൂടിയിരുന്നു.
കുട്ടികളെ ലാളിക്കാൻ അച്ഛനമ്മമാർ സമയം കണ്ടെത്തണമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ് ഈയിടെ പറഞ്ഞത് ശ്രദ്ധേയമാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിൽ കുട്ടികളെ നോക്കാൻ എവിടെ സമയം?. മാതാപിതാക്കൾ അവഗണിക്കുമ്പോൾ ചുറ്റും വലയൊരുക്കി കാത്തിരിക്കുന്ന മയക്കുമരുന്ന് കച്ചവടക്കാരുടെ പിടിയിലേക്ക് അവരിൽ പലരും സ്വാഭാവികമായും നടന്നെത്തും. കുട്ടികളിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം കൂടുന്നതിന് കാരണമന്വേഷിച്ച് എങ്ങും പോകേണ്ടതില്ല. കുടുംബ ബന്ധങ്ങൾ ശിഥിലമാകുമ്പോൾ ഒറ്റപ്പെട്ടു പോകുന്നത് കുഞ്ഞുങ്ങളാണ്. വിവാഹ മോചനത്തിലൂടെ അച്ഛനും അമ്മയും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുമ്പോൾ നഷ്ടം കുട്ടികൾക്ക് മാത്രമാകുന്നു.
കുടുംബത്തിനുള്ളിൽ നിന്നുതന്നെ കുഞ്ഞുങ്ങൾക്ക് കരുതലും സംരക്ഷണവും ലഭിക്കണം. കുട്ടികൾക്കെതിരെയുള്ള ഏത് അതിക്രമങ്ങളും കർശനമായി തടയണം. ഇതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെങ്കിൽ അത് ചെയ്യാൻ സർക്കാർ മടിക്കരുത്.
'നരന്റെ താതൻ ശിശുവാണ് നിർണയം.' എന്ന കവിവാക്യം മനുഷ്യവർഗ പരിണാമത്തിന്റെ സത്യത്തിലേക്കും സൗന്ദര്യത്തിലേക്കും വെളിച്ചം വീശുന്ന സൂക്ഷ്മ ദർശനമാണ്. ശിശുക്കൾ ദിവ്യത്വത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമാണ്. അതുകൊണ്ടാണ് ശിശുക്കളെ നാം പൂക്കളായി കാണുന്നത്. മഹാകവി അക്കിത്തം ഒരു പൂവിനെപ്പറ്റി പാടുന്നത് നോക്കുക..
'ഉലകിലെ മധുരാനന്ദം മുഴുവനു-
മൂറിയിരിപ്പുണ്ടിതിനുള്ളിൽ
നിത്യനിരാമയ ലാവണ്യോജ്ജ്വല-
സത്യമിരിപ്പുണ്ടിതിനുള്ളിൽ"
യഥാർത്ഥത്തിൽ മഹാകവി പാടിയത് ശിശുക്കളുടെ വിശുദ്ധിയെപ്പറ്റിയാണ്. പൂക്കളും ശിശുക്കളും ഇവിടെ ഒന്നുതന്നെ.
ശിശുക്കൾക്കെതിരെ ഉണ്ടാകുന്ന ഏതു ചെറിയ ചലനവും നിഷ്കളങ്കതയ്ക്കും, ദൈവ മഹത്വത്തിനും, സംസ്കാരത്തിനും നേരെയുള്ള കൊടിയ ക്രൂരതകളാണ്. ഒരിക്കലും മാപ്പർഹിക്കാത്ത മഹാപാപങ്ങളാണ്.