തിരുവനന്തപുരം: അവസാന ലാപ്പിലെ ഓട്ടമാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നടത്തുന്നത്. 21ന് വലിയ ബഹളങ്ങളോടെ പ്രചാരണത്തിന്റെ സമാപനമാണ്. അതിനാൽ സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് ചോദിക്കാൻ ഇനി കിട്ടുന്നത് ഒരു ദിവസം മാത്രം. പരമാവധി സ്ഥലങ്ങളിലെത്തണം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്ത് രാവിലെ എട്ട് മണിക്ക് കോട്ടൂർ മേഖലയിലാണ് വോട്ടർമാരെ കണ്ടത്. തുടർന്ന് അരുവിക്കര അസംബ്ളി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളും സന്ദർശിച്ചു. പാങ്കാവ് സെറ്റിൽമെന്റ് കോളനിയിലും ഏറെ സമയം സമ്പത്ത് ചെലവഴിച്ചു. മണ്ഡല പര്യടനത്തിന്റെ സമാപന ദിവസമായിരുന്നതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർപ്രകാശിന് ഇന്നലെയും തിരക്കിന്റെ ദിവസമായി. രാവിലെ നെടുമങ്ങാട് അസംബ്ളി മണ്ഡലത്തിലെ പുളിമാത്ത് ഭാഗത്തായിരുന്നു പര്യടനം. തുടർന്ന് ചിറയിൻകീഴ് മണ്ഡലത്തിലെ മുദാക്കൽ മേഖലയിൽ സഞ്ചരിച്ചു. ഉച്ചയ്ക്ക് ശേഷം വർക്കല അസംബ്ളി മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.
ഇന്ന് മണ്ഡല പരിധിയിലുള്ള പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് അവസാനവട്ട സഹായം അഭ്യർത്ഥിക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നെടുമങ്ങാട് അസംബ്ളി മണ്ഡലത്തിലെ പിരപ്പൻകോട്ടു നിന്നാണ് ഇന്നലെ പര്യടനം തുടങ്ങിയത്. കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മ ഇന്നലെ കാരേറ്രും ആറ്രിങ്ങലിലും നടന്ന എലൈറ്റ് ടീം മീറ്റിംഗുകളിൽ പങ്കെടുത്തു പ്രമുഖരുമായി സംവദിച്ചു. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലിലെ വോട്ടർമാർ ജയിപ്പിച്ചാൽ അടുത്ത മോദി മന്ത്രിസഭയിൽ മന്ത്രിയായി ഉണ്ടാവുമെന്ന് മഹേഷ് ശർമ്മ പറഞ്ഞു. ആറ്രിങ്ങൽ മണ്ഡലത്തിന്റെ ചില സ്ഥലങ്ങളിലും ശോഭാ സുരേന്ദ്രൻ വോട്ടർമാരെ കണ്ടു.