election-2019

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് മുൻതൂക്കമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് ആൻഡ് റിസർച്ച് (ഐ.എം.ഡി.ആർ) നടത്തിയ തിരഞ്ഞെടുപ്പ് സർവേ റിപ്പോർട്ട്. ഏപ്രിൽ 10മുതൽ 17വരെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 1400ഓളം വോട്ടർമാരിലാണ് സർവേ നടത്തിയതെന്ന് ഐ.എം.ഡി.ആർ ചെയർമാൻ കെ.ശശികുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 34.8 ശതമാനം വോട്ട് എൽ.ഡി.എഫിനും 32.3ശതമാനം വോട്ട് എൻ.ഡി.എയ്ക്കും 31ശതമാനം വോട്ട് യു.ഡി.എഫിനും ലഭിക്കുമെന്നാണ് സ‌ർവേ ഫലം. 1.9ശതമാനം വോട്ടർമാർ പ്രതികരിച്ചില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നും വികസനവും രാഷ്ട്രീയവുമായിരിക്കും സ്ഥാനാർത്ഥികളുടെ ജയപരാജയം നിശ്ചയിക്കുകയെന്നും സർവേ പറയുന്നു.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ, നിലവിലുള്ള എം.പിയുടെ പ്രവർത്തനം, വോട്ടറുടെ രാഷ്ട്രീയം, മതസൗഹാർദ്ദം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ഗ്രാമീണ മേഖലയിൽ നിന്നുള്ള 51.8ശതമാനം വോട്ടർമാരും പട്ടണ പ്രദേശത്തുള്ള 48.2ശതമാനം വോട്ടർമാരുമാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 58.8ശതമാനം പുരുഷന്മാരും 41.2ശതമാനം സ്ത്രീകളും ഉൾപ്പെടും. ശബരിമല വിഷയം സംസ്ഥാന സർക്കാർ‌ കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് 46.7ശതമാനവും ക്രമസമാധാന നില മോശമാണെന്ന് 43.4ശതമാനം വോട്ടർമാരും അഭിപ്രായം രേഖപ്പെടുത്തി.