തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന ഭക്തരെ കബളിപ്പിക്കുന്നതും വഞ്ചിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോദി മുതലക്കണ്ണീർ പൊഴിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിനായുള്ള കേസ് സുപ്രീംകോടതി വരെയെത്തിച്ചത് ആർ.എസ്.എസ് ബന്ധമുള്ള യുവ അഭിഭാഷകരാണ്. ഇത്രയും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടവരെ പിന്തിരിപ്പിച്ചില്ല? വീണ്ടും അധികാരത്തിൽ വന്നാൽ കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് പറയുന്ന മോദി വിധി വന്നപ്പോൾ ആചാരസംരക്ഷണത്തിനായി ഭരണഘടനാ ഭേദഗതിക്കായുള്ള നിയമനിർമ്മാണം കൊണ്ടുവരാമായിരുന്നിട്ടും ചെയ്തില്ല. യു.ഡി.എഫ് എം.പിമാരാണ് വിധി വന്ന വേളയിൽ പ്രശ്നം പാർലമെന്റിലുന്നയിച്ചത്. റിവ്യൂഹർജി നൽകാൻ പോലും കേന്ദ്രസർക്കാരോ ബി.ജെ.പിയോ തയ്യാറായില്ല.
ആചാരസംരക്ഷണത്തിന് ആത്മാർത്ഥമായി പോരാടിയത് കോൺഗ്രസാണ്. സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയത് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനും വാദിച്ചത് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിയുമാണ്.
മോദിയും പിണറായിയും വിശ്വാസസംരക്ഷണത്തിനെതിരെ കടുത്ത നടപടികളാണെടുത്തത്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ അധികാരത്തിലെത്തിയാൽ ആചാരസംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തും.
മോദി റാഫേൽ അഴിമതിയെക്കുറിച്ചോ അനിൽ അംബാനിക്ക് 30000 കോടി സമ്മാനിച്ചെന്ന കോൺഗ്രസ് ആരോപണത്തെക്കുറിച്ചോ മിണ്ടുന്നില്ല. നോട്ട് നിരോധനത്തിന്റെ മറവിൽ ബി.ജെ.പിക്കാർ നടത്തിയ വൻകൊള്ളയെപ്പറ്റിയുള്ള വിശദാംശങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടിട്ടും അതേക്കുറിച്ചൊന്നും പറയുന്നില്ല. 70ൽ താഴെ സീറ്റുകളിൽ മാത്രം മത്സരിക്കുന്ന പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പ്രസക്തിയെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മസാലബോണ്ട് സംബന്ധിച്ച തന്റെ ആരോപണങ്ങൾക്ക് ഇതുവരെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഫലപ്രദമായ മറുപടി നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.