2

വിഴിഞ്ഞം: തീരദേശത്തെ ഗംഗയാർ തോടിൽ പായലും മാലിന്യങ്ങളും നിറഞ്ഞു. കൊതുകു ജന്യ പകർച്ചവ്യാധി ഭീഷണിയിൽ തീരം. വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തോടു ചേർന്നുള്ള ഗംഗയാർ തോടിന്റെ ഒഴുക്ക് നിലച്ച് മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്.

ഗംഗയാർ തോടിൽ നിന്നും ഒഴുകിയെത്തുന്ന ജലം രാജ്യാന്തരതുറമുഖ നിർമ്മാണ സ്ഥലത്തിനു സമീപത്തെ വലിയ കടപ്പുറത്തെ കടലിലാണ് പതിക്കുന്നത്. ഇവിടെ മണൽ വന്നടിഞ്ഞ് തോടിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. തോട്ടിലെ മാലിന്യം കടലിലേക്ക് ഒഴുകി പോകാൻ രണ്ടാഴ്ച മുൻപ് മൂന്ന് പൈപ്പുകൾ സ്ഥാപിച്ചുവെങ്കിലും വേലിയേറ്റത്തിൽ മണൽ വന്നടിഞ്ഞ് പൈപ്പുകൾ വീണ്ടും അടഞ്ഞ് ഒഴുക്ക് നിലച്ചു.

പള്ളിച്ചലിൽ നിന്നും ആരംഭിക്കുന്ന തോടിലെ ഒഴുക്ക് വിഴിഞ്ഞം ഭാഗത്ത് എത്തുമ്പോൾ തടസപ്പെട്ടിരിക്കുകയാണ്. വർഷങ്ങൾ മുൻപ് പല ഘട്ടങ്ങളിലായി തോട് വൃത്തിയാക്കാനും മലിനജലം ഒഴുക്കിവിടാനും പല പദ്ധതികൾ ആവിഷ്കരിക്കുകയും കോടികൾ ചെലവഴിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒന്നും പ്രയോജനം കണ്ടില്ല.

ഇടയ്ക്കിടെ തുറമുഖ നിർമ്മാണ ജോലികൾ നടത്തുന്ന അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇവ തുറന്നു വിടുമായിരുന്നു. തുറമുഖ നിർമാണ സ്ഥലത്തെ പണികൾ നിലച്ചതോടെ ഇപ്പോൾ തോടും കടലും ചേരുന്ന ഭാഗത്ത് മണൽ വന്നടിഞ്ഞിരിക്കുന്നത് തുറന്നു വിടുന്നില്ല. ഇവിടെ ഒഴുക്ക് തുറന്നു വിടുന്നതിന് ജെസിബി നിർത്തുന്നതിനായി ഇവിടെ സ്ഥാപിച്ചിരുന്ന ജായ്ക്ക് അപ് ബാർജും ഇവിടെ നിന്നും മാറ്റി. തോടിനു സമീപത്തെ മത്സ്യ സംസ്കരണ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തുറന്നു വിടുന്ന മാലിന്യങ്ങളാണ് ഗംഗയാർ തോടിൽ നിറഞ്ഞു കിടക്കുന്നത് ഇതാണ് പകർച്ചവ്യാധി ഭീക്ഷണിയാകുന്നത്.