ചെന്നൈ: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിനൊടുവിൽ തമിഴ്നാട്ടിൽ ഇന്നലെ നടന്നത് കണക്കെടുപ്പുകൾ മാത്രം. പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ലഭിക്കാനിടയുള്ള സീറ്റുകളെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു. 71.87 ശതമാനം വോട്ടുകളാണ് ആകെ പോൾ ചെയ്തത്. കഴിഞ്ഞ തവണ 73.46% ആയിരുന്നു.
അണ്ണാ ഡി.എം.കെയിൽ നിന്ന് അടർന്ന് മാറിയ അമ്മാ മക്കൾ മുന്നേറ്റ കഴകവും കമലഹാസന്റെ മക്കൾ നീതി മയ്യവും ശക്തമായി രംഗത്തിറങ്ങിയതിനാൽ ഇത്തവണ പോളിംഗ് കൂടുമെന്നായിരുന്നു പ്രതീക്ഷ.
ധർമ്മപുരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടിംഗ്- 80.27% പേർ.
എൻ.ഡി.എ മുന്നണിയിൽ മത്സരിക്കുന്ന പി.എം.കെയുടെ അൻപുമണി രാംദാസും ഡി.എം.കെ സ്ഥാനാർത്ഥി എസ്. സെന്തിൽകുമാറും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ഗ്ളാമർ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ചെന്നൈ സൗത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് നടന്നത്- 56.41 ശതമാനം. ഡി.എം.കെയിലെ തമിഴച്ചി തങ്കപാണ്ഡ്യനും അണ്ണാ ഡി.എം.കെയിലെ ഡോ. ജയവർദ്ധനനും തമ്മിലായിരുന്നു മത്സരം.
ഡി.എം.കെയിലെ കനിമൊഴിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനും തമ്മിൽ മത്സരം നടന്ന തൂത്തുക്കുടിയിൽ 69.03 ശതമാനമാണ് പോളിംഗ്. സി.പി.എമ്മിന് പ്രതീക്ഷയുള്ള മധുരയിൽ 65.83% പോളിംഗ് നടന്നു. വെങ്കിടേശനാണാണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. എ.ഡി.എം.കെയിലെ വി.വി.ആർ. രാജ്സത്യനാണ് എതിർ സ്ഥാനാർത്ഥി. കന്യാകുമാരിയിൽ 69.62% പേർ വോട്ടു ചെയ്തു.
ഡി.എം.കെ ശക്തികേന്ദ്രങ്ങളിൽ പൊതുവേ വോട്ടിംഗ് നില കുറവാണ്. അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ കഴിഞ്ഞ തവണത്തേതിനോടടുത്ത വോട്ടിംഗ് നില ഉണ്ടാവുകയും ചെയ്തു. ഇത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് തല പുകയ്ക്കുകയാണ് ഇരു മുന്നണികളും.
ഭൂരിഭാഗം സീറ്റുകളിലും ഡി.എം.കെ- കോൺഗ്രസ് മുന്നണി ജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പ് നടന്ന 38 സീറ്റുകളിൽ 15 സീറ്റുകൾ ഈ മുന്നണി നേടുമെന്നാണ് നിരീക്ഷണം. അണ്ണാ ഡി.എം.കെ ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിന് ആറു സീറ്റുകളേ ഉറപ്പിക്കാനായുള്ളു. ബാക്കി 15 സീറ്റുകളിലെ ഫലമാകും നിർണായകമാവുക. ഇവിടങ്ങളിൽ ശക്തമായ അടിയൊഴുക്കുകൾ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അണ്ണാ ഡി.എം.കെ - ഡി.എം.കെ നേരിട്ടുള്ള പോരാട്ടം എട്ടിടങ്ങളിൽ മാത്രമാണ്. ബാക്കി മണ്ഡലങ്ങളിൽ ഈ പാർട്ടികളുടെ വോട്ട് എല്ലാം അവരുടെ സഖ്യപാർട്ടികൾക്ക് ലഭിക്കണമെന്നില്ല.