തിരുവനന്തപുരം: കേരളത്തെക്കുറിച്ച് അസത്യവും വസ്തുതാവിരുദ്ധവുമായ പ്രചാരണം
പ്രധാനമന്ത്റി നരേന്ദ്രമോദിയിൽനിന്ന് ഉണ്ടായത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതല്ലെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.
ദൈവനാമം പറഞ്ഞാൽ കേരളത്തിൽ കള്ളക്കേസെടുക്കുമെന്ന് പ്രധാനമന്ത്റി പറഞ്ഞു. ദൈവനാമം പറഞ്ഞതിന്റെ പേരിൽ ഒരു കേസും എവിടെയും എടുത്തിട്ടില്ല. അക്രമം നടത്തിയതിന്റെ
പേരിലാണ് കേസുകളെടുത്തിട്ടുള്ളത്. മതത്തിന്റെ പേരുപറഞ്ഞ് അക്രമം നടത്തുന്നവർക്ക് സംരക്ഷണം വേണമെന്ന് പറഞ്ഞാൽ നടപ്പില്ല. ശബരിമല സന്നിധാനത്തിൽ പോലും വളരെ പ്രകോപനപരമായ രീതിയിൽ കുഴപ്പമുണ്ടാക്കാൻ അക്രമികൾ ശ്രമിച്ചു. പൊലീസ് അതീവ സംയമനം പുലർത്തിയതിനാലാണ് പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നത്. രാഷ്ട്രീയവും
വർഗീയവുമായി മുതലെടുപ്പ് നടത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി.
പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്റി പറ
യുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനിൽക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബി.ജെ.പി അവകാശപ്പെടേണ്ടതില്ല. രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണത്. നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവന്നതാണത്.
പൂജാകർമങ്ങളെ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് മറ്റൊരു ആരോപണം. വിശ്വാസികൾക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്തുന്നതിന് തടസമുണ്ടായിട്ടില്ല.
കേരളത്തിലുണ്ടായ പ്രളയത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദി എന്ന പരാമർശം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കേന്ദ്രജല കമ്മിഷൻ തന്നെ, അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിനു കാരണമെന്ന് വിലയിരുത്തിയിട്ടുണ്ട്. പ്രളയകാലത്ത് സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങളെല്ലാം നിഷേധിച്ചതിന് പുറമെ വിദേശരാജ്യങ്ങളിൽ നിന്ന് സഹായം വാങ്ങുന്നതും വിലക്കി.
വിദേശ മലയാളികളിൽ നിന്ന് സഹായം തേടാനുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ചു. തീരദേശമേഖലയുടെ വികസനത്തിന് കേരളം സമർപ്പിച്ച 7000 കോടിയുടെ പ്രോജക്ട് അപ്പാടെ അവഗണിച്ചു.
നമ്പി നാരായണനെതിരെ അധിക്ഷേപം ചൊരിയുന്ന മുൻ ഡി.ജി.പി സെൻകുമാറിനെ ഒപ്പമിരുത്തി നമ്പി നാരായണനെ പുകഴ്ത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പരാമർശം ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മധ്യവർഗങ്ങൾക്കായി എന്തോ ചെയ്തു എന്നു പറഞ്ഞ പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വർദ്ധനയെക്കുറിച്ചും മിണ്ടിയില്ല.
കുറ്റവിമുക്തനെ പ്രതിസ്ഥാനത്ത്
പ്രതിഷ്ഠിക്കുന്നത്
നിയമവാഴ്ചയോടുള്ള വെല്ലുവിളി
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ എതിർക്കുന്നവർ യഥാർത്ഥത്തിൽ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്. ഈ മനോഭാവം ലാവ്‌ലിൻ കേസിനെക്കുറിച്ച് പ്രധാനമന്ത്റി നടത്തിയ പരാമർശത്തിലുമുണ്ട്.
കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റാഫേൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തിയും. ഈ കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ പ്രധാനമന്ത്റിയെ സംശയത്തിന്റെ കരിനിഴലിലാക്കുന്നു.