2

വിഴിഞ്ഞം: ബൊള്ളാർഡ് പുൾ പരിശോധനാ കേന്ദ്രത്തിന് സമീപം തിരയടിയിൽ വൻ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ബൊള്ളാർഡ് പരിശോധനാ കേന്ദ്രത്തിന് സമീപമുള്ള പാർക്കിനു സമീപത്തെ ടൈൽ പാകിയ നടപ്പാതയിലെ ടൈലുകളാണ് തിരയടിയിൽ തകർന്നത്. കഴിഞ്ഞവർഷം ജൂണിലാണ് ഇവിടെ തിരയിൽ ചെറിയ രീതിയിൽ കുഴി രൂപപ്പെട്ടത്. എന്നാൽ പിന്നീട് ഇത് വൻ ഗർത്തമായി മാറുകയായിരുന്നു. അപകട മുന്നറിയിപ്പായി കമ്പിയും തടിയും വച്ചിട്ടുണ്ടെങ്കിലും അപകട ഭീഷണി മാറിയിട്ടില്ല. ദിവസവും നിരവധി സന്ദർശകർ എത്തുന്ന സ്ഥലമാണിത്.

കടലിനോട് ചേർന്ന് കല്ലുകൾ നിക്ഷേപിച്ച് അതിനു മുകളിലാണ് നടപ്പാത നിർമ്മിച്ചിരിക്കുന്നത്. ജൂണിൽ ഉണ്ടായ കനത്ത തിരയിൽ കരിങ്കല്ലുകൾ ഇളകി ഇടിഞ്ഞുതാന്നതാണ് ഇവിടെ കുഴി രൂപപ്പെടാൻ കാരണം. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി അപകട സാധ്യത കൂടുതലാണ്. ഇവിടെ നിരവധി പേർ തിരയിൽപ്പെട്ട് ജീവൻ പൊലിഞ്ഞതിനെ തുടർന്ന് കടലിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ വൻ ഗർത്തം രൂപപ്പെട്ടതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ കുഴിയിലൂടെ കടൽത്തീരത്ത് ഇറങ്ങുകയാണ്. ഇതും അപകടങ്ങൾ വിളിച്ചു വരുത്തുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ അധികൃതർ വേണ്ട നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.