ശിവഗിരി: പാശ്ചാത്യലോകത്ത് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ശിവഗിരിമഠം അമേരിക്കയിൽ സ്ഥാപിക്കുന്ന ആശ്രമത്തിലൂടെ ഗുരുവിലെ യോഗിയെയും കവിയെയും ദാർശനികനെയും വിദ്യാഭ്യാസ വിചക്ഷണനെയും ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവഗിരിയിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിനോടനുബന്ധിച്ച് നടന്ന പഠനക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ ഗുരുദർശനത്തിലൂടെ ഒരു വിചാരം എന്ന വിഷയത്തിൽ സ്വാമി ബ്രഹ്മസ്വരൂപാനന്ദയും ഗുരുവിന്റെ ജാതി ദർശനം എന്ന വിഷയത്തിൽ ഡോ. പി.കെ. രാജേന്ദ്രനും ഗുരുവിന്റെ തമിഴിലുള്ള അഗാധമായ പാണ്ഡിത്യത്തെയും ശൈവദ്രാവിഡ സംസ്കാരത്തെയും പറ്റി സ്വാമി ശിവസ്വരൂപാനന്ദയും ക്ലാസ് നയിച്ചു.
ഗുരുദേവന്റെ കൃതികൾ ശ്രദ്ധയോടെ പഠിക്കുകയാണെങ്കിൽ കവിയായ ഗുരുവിനെ ആഴത്തിൽ മനസിലാക്കാൻ കഴിയുമെന്ന് ഗുരുദേവന്റെ ഏറ്റവും സവിശേഷ കൃതിയായ കാളിനാടകം എന്ന കൃതിയെ ആസ്പദമാക്കി നടന്ന പഠനക്ലാസ് നയിച്ചുകൊണ്ട് ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു. സ്വാമി ധർമ്മചൈതന്യ, അരുവിപ്പുറം അശോകൻ ശാന്തി, വി. അജിത്ത്കുമാർ, പി. കമലാസനൻ, കെ. ജയധരൻ, വി.ടി. രാജേന്ദ്രൻ, സ്വാമി കൃഷ്ണാനന്ദ, പുത്തൂർ ശോഭനൻ, സുകുമാരൻ മാവേലിക്കര, കെ.എസ്. ജയിൻ, അഡ്വ. മധു തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ശാരദാപ്രതിഷ്ഠയുടെ 107-ാം വാർഷികം പ്രമാണിച്ച് സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷ്ഠാവാർഷികപൂജയും ഹവനവും സമൂഹാർച്ചനയും നടന്നു.
ശിവഗിരിയിൽ ഇന്ന്
വെളുപ്പിന് 4.30ന് ഹവനം, ശാരദാമഠത്തിൽ പൂജ, 5.30ന് മഹാസമാധിയിൽ ഗുരുപൂജ, 6ന് സ്വാമി സാന്ദ്രാനന്ദ നയിക്കുന്ന ധ്യാന യോഗ പരിശീലനം, 7ന് മ്യൂസിക് തെറാപ്പി. 9ന് സെമിനാർ- വിഷയം: ഗുരുദേവന്റെ നവോത്ഥാന സങ്കല്പവും ആശാന്റെ ചിന്താവിഷ്ടയായ സീതയും. മോഡറേറ്റർ: മങ്ങാട് ബാലചന്ദ്രൻ, വിഷയാവതരണം: ഡോ. ബി. അശോക്, ഡോ.അജയൻ പനയറ, കെ.വി. സജയ്.