ചെന്നൈ : ഒടുവിൽ പടയപ്പ പടനയിക്കാൻ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും മത്സരിക്കാൻ തയ്യാറാണെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം തന്നെ സൂപ്പർസ്റ്റാർ രജനികാന്ത് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് 18 നിയമസഭാ മണ്ഡലങ്ങളിൽ കൂടി ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇനി നാലു സീറ്റിൽ കൂടി ഉപതിരഞ്ഞെടുപ്പുണ്ട്. ഇതിൽ നിന്നും ആകെ പത്തു സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ എടപ്പാടി പളനിസാമിയുടെ മന്ത്രിസഭയുടെ നില പരുങ്ങലിലാകും. ഭരണം നഷ്ടമാവുകയും നിയമസഭ പിരിച്ചുവിട്ട് വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്കു പോവുകയും ചെയ്താൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് രജനികാന്ത് വ്യക്തമാക്കി.
മേയ് 23ന് വോട്ടെണ്ണലിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമോയെന്ന ചോദ്യത്തിന് 'മേയ് 23ന് അറിയാം' എന്നായിരുന്നു മറുപടി. അറുപത്തിയെട്ടുകാരനായ രജനികാന്ത് 2017ലാണ് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 2021ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ആരാധകസംഘടനയുടെ സമ്മേളനം വിളിച്ചുകൂട്ടി. തുടർന്ന് രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ കമ്മിറ്റികൾ സ്ഥാപിക്കുകയും പ്രവർത്തനം സജീവമാക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രവർത്തനത്തിനായി പ്രത്യക്ഷത്തിൽ അദ്ദേഹം ഒന്നും ചെയ്തിട്ടുമില്ല. പാർട്ടിയുടെ പേരു പോലും പ്രഖ്യാപിച്ചിട്ടില്ല. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും മത്സരിക്കുമെന്ന് രജനികാന്ത് പറഞ്ഞത് വ്യക്തമായ പ്ളാനിംഗ് മനസിലുറപ്പിച്ചതിന് ശേഷമാകണം.
രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതുമുതൽ രജനികാന്ത് ബി.ജെ.പിയുമായി അടുക്കുന്നു എന്ന പ്രചാരണം ശക്തമാണ്. ബി.ജെ.പി പ്രകടന പത്രികയിലെ നദീജല സംയോജനത്തെ പരസ്യമായി രജനികാന്ത് പിന്തുണച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ നീക്കത്തെ കുറിച്ച് മാർച്ച് 19ന് കേരളകൗമുദി ആറാം പേജിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.