വെള്ളറട: ദക്ഷിണ ഭാരത തീർത്ഥാടന കേന്ദ്രമായ കാളിമലയിൽ തീർത്ഥാടനത്തിന്റെ ഭാഗമായി ചിത്രാപൗർണമി പൊങ്കാല നടന്നു. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരമുള്ള മലമുകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ കിലോമീറ്ററുകൾ നടന്നാണ് ആയിരങ്ങൾ പൊങ്കാല അർപ്പിക്കാൻ എത്തിയത്. പുലർച്ചെ മുതൽ തന്നെ തീർത്ഥാടകരുടെ നീണ്ടനിര മലമുകളിൽ കാണാമായിരുന്നു. 9 മണിയോടുകൂടി 48 കാണി സെറ്റിൽമെന്റിൽ നിന്നും എത്തിയ മുട്ടുകാണിമാരെ പൂർണ കുംഭത്തോടുകൂടി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് 9. 0 ഓടുകൂടി ക്ഷേത്ര ശ്രീകോവിലിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ക്ഷേത്ര മേൽശാന്തി അഗ്നി പകർന്നതോടെ ചിത്രാ പൗർണമി പൊങ്കാലയ്ക്ക് തുടക്കമായി. 10.15ന് കാളിമല സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെള്ളിമല ഹിന്ദുധർമ്മ വിദ്യാപീഠം മഠാധിപതി ചൈതന്യാനന്ദജി മഹാരാജാ, സ്വാമി അഭയാനന്ദ, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, കൊല്ലം തുളസി. തുടങ്ങിയവർ സംസാരിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉത്സവ കമ്മിറ്റി ജനറൽ സെക്രട്ടറി ആർ. ശ്രീപതിരാജാ സ്വാഗതവും ചെയർമാൻ വിജയകുമാർ നന്ദിയും രേഖപ്പെടുത്തി. ക്ഷേത്രത്തിൽ നിന്നും കിലോമീറ്റർ കണക്ക് ദൂരം പൊങ്കാല കലങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. 12 30 ഓടെ പൊങ്കാല നിവേദ്യം നടന്നു. പൊങ്കാലയിടാൻ എത്തിയ തീർത്ഥാടകർക്ക് ഒരിക്കലും വറ്റാത്ത മലമുകളിലെ കാളിതീർത്ഥമാണ് പൊങ്കാലയ്ക്കായി നൽകിയത്. തീർത്ഥാടകരുടെ തിക്കും തിരക്കും കണക്കിലെടുത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനും കെ.എസ്.ആർ.ടി.സിയും പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. മല മുകളിലെത്തിയ മുഴുവൻ ഭക്ത ജനങ്ങൾക്കും ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നദാനവും ഏർപ്പെടുത്തിയിരുന്നു. രാത്രി മഹാകാളിയൂട്ടോടുകൂടി ചിത്രാ പൗർണമി തീർത്ഥാടനത്തിന് സമാപനമായി. 26ന് മറുകൊട നടക്കും.