arun

കുഴിത്തുറ: കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ യുവാവ് അണക്കെട്ടിൽ വീണുമരിച്ചു. തിരുവനന്തപുരം കുമാരപുരം മെഡിക്കൽ കോളേജ് ലൈനിൽ ദേവി ഭവനത്തിൽ അരുൺ അശോക് (28 )ആണ് തൃപ്പരപ്പിന് സമീപത്തെ ചിറ്റാർ അണക്കെട്ടിൽ മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അവധി ദിനമായതിനാൽ രണ്ടു സഹോദരിമാർക്കും അവരുടെ ഭർത്താക്കന്മാർക്കുമൊപ്പം കാറിൽ കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് ,ചിറ്റാർ ഡാം എന്നിവിടങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അരുൺ . തൃപ്പരപ്പിൽ എത്തി ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം ചിറ്റാറിലേക്ക് പോവുകയും അവിടെ വെള്ളത്തിലിറങ്ങുകയുമായിരുന്നു. നദിക്കരികിലെ പാറയിൽ നിൽക്കവേ കാൽവഴുതി അരുൺ വെള്ളത്തിൽ വീണു. നീന്താനറിയാത്തതിനാൽ അരുൺ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. കണ്ടു നിന്ന സഹോദരിമാരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അരുണിനെ കരയ്ക്കെടുത്തു. ഉടനെ കുലശേഖരത്തുള്ള ശ്രീമൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. പട്ടത്ത് ഡിജിറ്റൽ കൺവെർഷൻ എന്ന ഐ.ടി. സ്ഥാപനം നടത്തുകയാണ് അരുൺ. ബെസ്റ്റ്‌ എന്റർപ്രണർ അവാർഡ് അരുണിന് ലഭിച്ചിട്ടുണ്ട്. അവിവാഹിതാണ് . പിതാവ് അശോകൻ വിദേശത്താണ്. അമ്മ : സുലു. സഹോദരിമാർ : അശ്വതി,സുചിത്ര. മൃതദേഹം കുലശേഖരം മെഡിക്കൽ കോളേജിൽ . പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ഇന്ന് കൈമാറും. കളിയൽ പൊലീസ് കേസെടുത്തു .