photo

പാലോട്: നന്ദിയോട് കുറുന്താളി ലക്ഷംവീട് കോളനി- ആറ്റുനട റോഡ് നിർമ്മാണത്തിൽ ക്രമക്കേടെന്ന് പരാതി. 90 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന റോഡിന്റെ ഭാഗമായുള്ള സൈഡ്‌ വാൾ വേനൽ മഴയിൽ തകർന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ലക്ഷംവീട് കോളനിയിൽ തുടങ്ങി പുളിമൂട് വഴി ആറ്റുനട വരെ നീളുന്ന നാലര കി. മീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ നിലം നികത്തിയാണ് പുരോഗമിക്കുന്നത്. കോൺക്രീറ്റ് ചെയ്യാതെ കല്ല് അടുക്കി മണ്ണ് ഫില്ല് ചെയ്തതാണ് സൈഡ്‌വാൾ തകരാൻ കാരണമെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്തണമെന്നും ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.സി. ചന്ദ്രദാസും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ്‌കുമാറും ആവശ്യപ്പെട്ടു.എന്നാൽ റോഡ് പണിയിൽ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും എർത്ത് വർക്ക് ആരംഭിച്ചിട്ടേയുള്ളുവെന്നും നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ് അറിയിച്ചു.