തിരുവനന്തപുരം: പ്രചാരണം തീരാൻ രണ്ടുപകലുകൾ മാത്രം ശേഷിക്കെ മണ്ഡല പര്യടനത്തിൽ പോകാൻ കഴിയാതിരുന്ന സ്ഥലങ്ങൾ തപ്പിയെടുത്ത് അവിടങ്ങളിലെല്ലാം സാന്നിദ്ധ്യമെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. രണ്ടു ദിവസമുണ്ടെങ്കിലും സ്ഥാനാർത്ഥിക്ക് പര്യടനത്തിന് ഇന്നൊരുദിവസം മാത്രമാണ് അവശേഷിക്കുന്നത്. പര്യടനത്തിന്റെ സമാപന ദിനമായ നാളെ കലാശക്കൊട്ടിന്റെ മേളപ്പെരുക്കമാണ്. അന്ന് രാവിലെ മുതൽ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യാത്രകളും വൈകിട്ട് അഞ്ച് മണിയോടെ പ്രചാരണ സമാപന റാലിയുമാണുള്ളത്.

ഇന്നലെ ദുഃഖവെള്ളിയായതിനാൽ സ്ഥാനാർത്ഥികൾക്ക് പതിവ് പര്യടനത്തിന് അവസരമില്ലായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പാറശാല മേഖലകളിൽ പര്യടനം നടത്തി. രാവിലെ മണ്ഡലത്തിലെ വികസന നയരേഖയുടെ പ്രകാശനമായിരുന്നു. കേന്ദ്രമന്ത്രി മഹേഷ് ശർമ്മയായിരുന്നു മുഖ്യാതിഥി. അതിന് ശേഷം നേരെ പാറശാലയ്ക്കാണ് കുമ്മനം രാജശേഖരൻ പുറപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ഒ. രാജഗോപാലിന്റെ വിജയസ്മിതം കെടുത്താനിടയാക്കിയത് പാറശാലയിലും നെയ്യാറ്റിൻകരയിലുമുണ്ടായ വോട്ട് വീഴ്ചയാണ്. ഇക്കുറി അത് പരിഹരിക്കാൻ ഇന്നലെയും ഇന്നും ഇൗ രണ്ടുസ്ഥലങ്ങളിലുമാണ് കുമ്മനം ചെലവഴിക്കുന്നത്.

ഐക്യമുന്നണി സ്ഥാനാർത്ഥി ശശി തരൂർ ഇന്നലെ ബീമാപള്ളി മേഖലയിലാണ് പ്രചാരണം നടത്തിയത്. വൈകിട്ട് രമേശ് ചെന്നിത്തലയും പര്യടനത്തിനെത്തി. വൈകിട്ട് മാനവീയം വീഥിയിൽ ശശി തരൂരിന്റെ പ്രചാരണത്തിനായുള്ള ഒാട്ടൻതുള്ളലിന്റെ അവതരണവും നടന്നു. ഇന്ന് ദേശീയ നേതാവ് എ.കെ. ആന്റണി പര്യടനത്തിനെത്തുന്നുണ്ട്. മണ്ഡലം മുഴുവൻ മൂന്ന് തവണ പര്യടനം പൂർത്തിയാക്കിയ തരൂർ വിട്ടുപോയ ഏതാനും സ്ഥലങ്ങളിലും ഇന്ന് പര്യടനം നടത്തും.

ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരൻ ഇന്നലെ പര്യടനത്തിനിറങ്ങിയില്ല. പകരം വളരെ അടുപ്പമുള്ള സൗഹൃദക്കൂട്ടായ്മയും പാർട്ടി പ്രവർത്തകരുമായുള്ള അവസാനവട്ട കൂടിയാലോചനകളിലായിരുന്നു അദ്ദേഹം. ഇന്ന് നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പര്യടനം. പര്യടനത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സി.പി.എം നേതാക്കളായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ദിവാകരനൊപ്പം ചേരുന്നുണ്ട്. ജനതാദൾ നേതാവ് നീലലോഹിതദാസൻനാടാരും പര്യടനത്തിനിറങ്ങും. നാളെ രാവിലെ കഴക്കൂട്ടത്തുനിന്ന് പാറശ്ശാലവരെ പതിനായിരത്തോളം ബൈക്കുകളെ പങ്കെടുപ്പിച്ച് കൂറ്റൻ ബൈക്ക് റാലിയും നടത്തുന്നുണ്ട്.