യൂറോപ്പ ലീഗ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലുകൾ കഴിഞ്ഞപ്പോൾ രണ്ട് ഇംഗ്ളീഷ് ക്ളബുകൾ - ആഴ്സനലും ചെൽസിയും - സെമിയിലെത്തി. ആഴ്സനൽ രണ്ടാംപാദ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളിയെ 1-0 ത്തിനും ചെൽസി സ്ളാവിയ പ്രാഹയെ 4-3 നുമാണ് തോൽപ്പിച്ചത്. രണ്ടാം പാദത്തിൽ വിജയിച്ച് എവേ ഗോളിന്റെ അകമ്പടിയോടെ ജർമ്മൻ ക്ളബ് എയ്ൻ ട്രാക്‌റ്റ് ഫ്രാങ്ക് ഫർട്ടും സ്വന്തം രാജ്യക്കാരായ വിയ്യാറയലിനെ വീണ്ടും കീഴടക്കി സ്പാനിഷ് ക്ളബ് വലൻസിയയും സെമി ഫൈനലിലെത്തിയിട്ടുണ്ട്.
സെമിയിൽ ആഴ്സനൽ വലൻസിയയെയും ചെൽസി എയ്‌ൻട്രാക്റ്റിനെയും നേരിടും
ആഴ്സനൽ - 1 നാപ്പോളി 0
ആദ്യപാദ ക്വാർട്ടറിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇറ്റാലിയൻ ക്ളബിനെ കീഴടക്കിയിരുന്ന ആഴ്സനൽ രണ്ടാം പാദത്തിലും വിജയം ആവർത്തിച്ചു. ഇക്കുറി ഒറ്റ ഗോളിനായിരുന്നു ജയം. 36-ാം മിനിട്ടിൽ അലക്സാണ്ടർ ഡ്രെലക്കാസ്റ്റയാണ് തകർപ്പനൊരു ഗോളിലൂടെ ആഴ്സനലിന് സെമിയിലേക്ക് വഴികാട്ടിയത്. 3-0 എന്ന ഗോൾ മാർജിനിലാണ് ഇംഗ്ളീഷ് പീരങ്കിപ്പടയുടെ അവസാന നാലിലേക്കുള്ള റൂട്ട് മാർച്ച്.
36-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നാണ് ലക്കാസ്റ്റെ സ്കോർ ചെയ്തത്. 26 വാര അകലെ തന്നെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ലക്കാസ്റ്റെ ഗോളാക്കിയത്.
# സെമിയിൽ ആഴ്സനൽ ഏറ്റുമുട്ടേണ്ട സ്പാനിഷ് ക്ളബ് വലൻസിയ ഇപ്പോഴത്തെ ആഴ്സനൽ പരിശീലകൻ ഉനേയ് എംറേയുടെ പഴയ ക്ളബാണ്.
# യൂറോപ്പ ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ എംറോയ് പരിശീലകനായി നേടുന്ന 26-ാം വിജയമാണിത്. മറ്റേതൊരു പരിശീലകനെക്കാളും മുന്നിലാണ് എംറേയ്.
30
ശതമാനം മാത്രമായിരുന്നു മത്സരത്തിൽ ആഴ്സനലിന്റെ പന്തടക്കം. എന്നാൽ കൂടുതൽ നേരം പന്ത് കൈവശം വച്ചിട്ടും കാർലോ ആഞ്ചലോട്ടി പരിശീലിപ്പിച്ച നാപ്പോളിക്ക് ജയിക്കാനായില്ല.
ചെൽസി 4 - സ്ളാവിയ പ്രാഹ 3
ഏഴു ഗോളുകൾ പിറന്ന രണ്ടാം പാദ മത്സരത്തിൽ ചെക്ക് ക്ളബ് സ്ളാവിയയെ കീഴടക്കുകയായിരുന്നു ചെൽസി. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ചിരുന്ന ചെൽസി ഇതോടെ 5-3 എന്ന ഗോൾ മാർജിനിൽ സെമിയിലേക്ക് കടക്കുകയായിരുന്നു.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ ക്വാർട്ടറിൽ അഞ്ചാം മിനിട്ടിൽ പെഡ്രോയിലൂടെ ചെൽസി സ്കോറിംഗ് തുടങ്ങി. ഒൻപതാം മിനിട്ടിൽ സ്ളാവിയയുടെ ഡേലി സെൽഫ് ഗോളടിച്ചു. 17-ാം മിനിട്ടിൽ ജിറൂഡ് ലീഡ് ഉയർത്തി. 25-ാം മിനിട്ടിൽ സൗസെക്കിലൂടെ സ്ളാവിയ ഒരു ഗോൾ തിരിച്ചടിച്ചു. 27-ാം മിനിട്ടിൽ പെഡ്രോ തന്റെ രണ്ടാം ഗോളിലൂടെ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. 51, 54 മിനിട്ടുകളിൽ സെവിച്ച് രണ്ടു ഗോളുകളുമായി ചെൽസിയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും മത്സര ഫലത്തിൽ മാറ്റമുണ്ടായില്ല.
11-ഒരു സീസണിൽ 11 യൂറോപ്യൻ മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഇംഗ്ളീഷ് ക്ളബായി ചെൽസി മാറി.
100
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷം എല്ലാ മത്സരങ്ങളിൽ നിന്നുമായി 100 ഗോളുകൾ തികയ്ക്കുന്ന ആദ്യ ക്ളബായി ചെൽസി.
എയ്ൻട്രാക്റ്റ് -2
ബെൻഫിക്ക -0
ആദ്യപാദ ക്വാർട്ടർ ഫൈനലിൽ 2-4 ന് തോറ്റിരുന്ന എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിലെ തകർപ്പൻ വിജയത്തിന്റെ അകമ്പടിയോടെയാണ് സെമിയിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു എയ്‌ൻട്രാക്‌റ്റിന്റെ വിജയം. ഇതോടെ ആകെ ഗോൾ മാർജിൻ 4-4 എന്ന തുല്യ നിലയിലായി. എവേ ഗോളുകളൊന്നും നേടാൻ കഴിയാതിരുന്ന ബെൻഫിക്കയ്ക്ക് മുന്നിൽ പുറത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടു.
രണ്ടാം പാദത്തിൽ കോസ്റ്റിച്ച് 36-ാം മിനിട്ടിലും റോഡേ 67-ാം മിനിട്ടിലുമാണ് ജർമ്മൻ ക്ളബിനുവേണ്ടി സ്കോർ ചെയ്തത്.
യൂറോപ്പ ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) ഇല്ലാത്തതിനാൽ കോസ്റ്റിച്ച് നേടിയ ഗോൾ വിവാദമായി.
വലൻസിയ 2
വിയ്യാ റയൽ 0
ഒരേ രാജ്യക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഇരുപാദങ്ങളിലും വിജയിച്ചാണ് വലൻസിയയുടെ സെമി ഫൈനൽ പ്രവേശനം.. ആദ്യപാദത്തിൽ 3-1 ന് ജയിച്ചിരുന്ന വലൻസിയ രണ്ടാംപാദത്തിലെ 2-0ത്തിന്റെ വിജയത്തോടെ 5-1 എന്ന ഗോൾ മാർജിനിൽ അവസാന നാലിലേക്ക് ടിക്കറ്റെടുത്തു.
13-ാം മിനിട്ടിൽ ടോണി ലാറ്റോയും 54-ാം മിനിട്ടിൽ ഡാനി പരേയോയുമാണ് വലൻസിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
2004ലെ യുവേഫ കപ്പ് ജേതാക്കളാണ് വലൻസിയ. എന്നാൽ അഞ്ച് വർഷമായി യൂറോപ്പ ലീഗിന്റെ സെമി ഫൈനലിലെത്താൻ കഴിഞ്ഞിട്ടില്ല.
2014 ലാണ് വലൻസിയ അവസാനമായി യൂറോപ്പിൽ രണ്ടാം ഡിവിഷൻ സെമിയിലെത്തിയത്.
15 വർഷത്തിനു ശേഷം ഒരു യൂറോപ്യൻ ഫൈനലാണ് വലൻസിയ ലക്ഷ്യമിടുന്നത്.
സെമി ഫൈനൽ ഫിക്സ്‌ചർ
മേയ് 5
ആദ്യപാദം
ആഴ്സനൽ Vs വലൻസിയ
എൻട്രാക്റ്റ Vsചെൽസി
മേയ് 10
ചെൽസി Vs എയ്ൻട്രാക്റ്റ്
വലൻസിയ Vs ആഴ്സനൽ