തിരുവനന്തപുരം: തലേന്ന് പെയ്ത മഴ തലസ്ഥാനത്തെ രാജവീഥികളെ ശുദ്ധമാക്കിയിരുന്നു. ഇന്നലെ സായാഹ്നത്തിന് ചൂടും കുറവായിരുന്നു. പ്രകൃതി തന്നെ വണങ്ങി നിന്ന സന്ധ്യയിൽ ശ്രീപദ്മനാഭസ്വാമിക്ക് ശംഖുംമുഖത്ത് ആറാട്ടു നടന്നു. ആറാട്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി. ഇന്ന് രാവിലെ 9.30ന് ആറാട്ട് കലശം നടക്കും. വൈകിട്ട് 4.30ന് മതിലകത്ത് എഴുന്നള്ളിച്ച വിഗ്രഹങ്ങൾക്ക് ദീപമുഴിഞ്ഞ് പ്രദക്ഷിണം നടത്തി. മുന്നിലായി ഘോഷയാത്രയുടെ വരവറിയിച്ച് പെരുമ്പറ കെട്ടിയ ആനയും കുട്ടിയാനയും അണിനിരന്നു. പള്ളിവാളേന്തി രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ്മയും രാജപ്രതിനിധികളും പിന്നാലെ പടിഞ്ഞാറെ നട കടന്നു. കനകനിർമ്മിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും മറ്റ് വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. പടിഞ്ഞാറെ നടയിൽ കൂടി നിന്ന ഭക്തർ നാരായണസ്തുതികൾ ഉരുവിട്ടു. വായ്ക്കുരവയും നാമമന്ത്രവും മുഴങ്ങി. സായുധപൊലീസ് ആചാരബഹുമതി നൽകി. പിന്നിൽ ഭജനസംഘവും ഭക്തരും അകമ്പടി ചേർന്നു.
വേൽക്കാർ, കുന്തക്കാർ, വാളേന്തിയവർ, പട്ടമേന്തിയ ബാലകർ, പൊലീസിന്റെ ബാൻഡ് സംഘം എന്നിവർ ഘോഷയാത്രയ്ക്ക് മുമ്പേ ഗമിച്ചു. 24 പോറ്റിമാരാണ് മൂന്ന് വാഹനങ്ങൾ ചുമന്നത്. ഘോഷയാത്ര പടിഞ്ഞാറെ കോട്ടയിലെത്തിയപ്പോൾ ആചാരവെടി ഉയർന്നു. റോഡിനിരുവശത്തും നിറപറയും നിലവിളക്കും പൂക്കളുമായി ഭക്തർ ആറാട്ടിന് നിവേദ്യമർപ്പിച്ച് വണങ്ങി.
വള്ളക്കടവിൽ നിന്നു വിമാനത്താവളത്തിന് അകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി. അവിടെ ആറാട്ട് മണ്ഡപത്തിൽ വിഗ്രഹങ്ങളെ ഇറക്കിവച്ചു. തുടർന്ന് തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി രാധാകൃഷ്ണൻ രവിപ്രസാദ്, പഞ്ചഗവ്യത്തുനമ്പി മാക്കരക്കോട് വിഷ്ണു വിഷ്ണു എന്നിവരുടെയും നേതൃത്വത്തിൽ പൂജകൾക്ക് ശേഷം വിഗ്രഹങ്ങളെ മൂന്നുതവണ സമുദ്രത്തിൽ ആറാടിച്ചു. വിവിധ അഭിഷേകങ്ങൾക്കു ശേഷം പ്രസാദം വിതരണം ചെയ്തു. ആറാട്ട് കഴിഞ്ഞ് രാത്രി പത്തോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, ഭരണസമിതി അംഗം എസ്. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ആറാട്ട് സദ്യ
ഇന്ന് രാവിലെ 10ന് ആറാട്ട് കലശവും രാത്രി 7ന് ശ്രീഭൂതബലിയും നടക്കും. രാവിലെ മൂന്നര മുതൽ അഞ്ചു വരെയും ആറര മുതൽ ഏഴുവരെയും എട്ടര മുതൽ ഒൻപതു മണി വരെയും ദർശനം നടത്താം. ഉച്ചയ്ക്ക് ആറാട്ട് സദ്യ ഉണ്ടായിരിക്കും.
തിരുവാമ്പാടിയിൽ ധ്വജപ്രതിഷ്ഠാ ചടങ്ങ് ഇന്ന് തുടങ്ങും
ശ്രീപദ്മനാഭസ്വാമി ക്ഷേത്രസമുച്ചയത്തിലെ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഇന്ന് ആരംഭിക്കും. ജൂലായ് 4നാണ് ധ്വജപ്രതിഷ്ഠ.